ഭീതിയിലും വെപ്രാളത്തിലുമായ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തെയാകെ വിസ്മയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണവുമായി യാതൊരു ബന്ധവുമില്ലാത്ത പാലക്കാട്ടെ വിജിലന്‍സ് സംഘം വീട്ടില്‍ ഇരച്ചുകയറി കള്ളക്കടത്ത് കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്ത് മൊബൈല്‍ പിടിച്ചുവച്ച ശേഷം വിട്ടയച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റസമ്മത മൊഴി നല്‍കിയതിന്റെ പേരില്‍ മറ്റൊരു പ്രതിയുടെ പേരില്‍ കേസെടുത്തിരിക്കുകയാണ്. കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത ഈ കേസ് അന്വേഷിക്കാന്‍ 12 അംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇനി ഒരു തെളിവും ഒരാളും നല്‍കാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതൊന്നും കേട്ടുകേള്‍വിയില്ലാത്തതാണ്. കേരളം വെള്ളരിക്കാപട്ടണമാണോ? മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിനാണ് ഈ ബഹളമൊക്കെ കാണിക്കുന്നത്. ഞങ്ങള്‍ക്ക് എതിരെ ആരെങ്കിലും തെളിവ് കൊടുത്താല്‍ ഇതായിരിക്കും അനുഭവമെന്ന് ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍. കുറ്റസമ്മത മൊഴിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്ത് നടപടിയെടുക്കുമെന്നാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത് അദ്ദേഹം പറഞ്ഞു.
പ്രതി ആദ്യമായല്ല കുറ്റസമ്മത മൊഴി കൊടുത്തത്. നേരത്തെ കസ്റ്റംസ് കോടതിയിലും ഷോക്കോസ് നോട്ടീസിനുള്ള മറുപടിയിലും കുറ്റസമ്മതമൊഴിയിലുള്ള കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇതൊന്നും നേരത്തെ കൊടുത്തതായി അറിയില്ലെന്നാണ് ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ഇത്രയും ഗൗരവതരമായ ആരോപണങ്ങള്‍ നേരത്തെ തന്നെ പ്രതി ഉന്നയിച്ചിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അതേക്കുറിച്ച് അന്വേഷിക്കാത്തതെന്ന ചോദ്യം യു.ഡി.എഫ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. സി.പി.എം- ബി.ജെ.പി നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് അന്വേഷണം മരവിപ്പിച്ചത്. ഇക്കാര്യത്തില്‍ ബി.ജെ.പി നേതാക്കളും മറുപടി പറയണം. സംഘപരിവാറിന്റെ ആഗ്രഹം കോണ്‍ഗ്രസ് മുക്തഭാരതം, സി.പി.എമ്മിന്റേത് തുടര്‍ഭരണവും. ഇത് രണ്ടും സന്ധിക്കുന്ന പോയിന്റിലാണ് ഇരുവരും തമ്മില്‍ ധാരണയില്‍ എത്തിയതും അന്വേഷണങ്ങള്‍ അവസാനിച്ചതും. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് യു.ഡി.എഫ് പറഞ്ഞത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. പ്രശ്നം തീര്‍ക്കാര്‍ ഇടനിലക്കാര്‍ ഇപ്പോഴും ഉണര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും സര്‍ക്കാരും പരിഭ്രാന്തിയിലും വെപ്രാളത്തിലും ഭീതിയിലുമാണെന്ന് വ്യക്തമാകുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. കാലം ഒരു കാര്യത്തിലും കണക്ക് ചോദിക്കാതിരിക്കില്ല. കേസിലെ പ്രതിയായ ഒരു സ്ത്രീയെ വിളിച്ച് വരുത്തി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടയാളാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് അന്നത്തെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. കാലം കണക്ക് ചോദിക്കുന്ന പ്രകൃതി നിയമമാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കോടതിയുടെ മേല്‍ നോട്ടത്തില്‍ കേസ് ഡയറി ഉള്‍പ്പെടെ ദിവസേന പരിശോധിക്കുന്ന തലത്തിലാകയിരിക്കണം അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ നടപടി എടുത്തില്ലെങ്കില്‍ നിയമപരമായി നടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും അദ്ദേഹം ഓര്‍മിപ്പിച്ചു.
സാമാന്യ യുക്തിക്ക് നിരക്കാത്ത രീയിലാണ് കേസെടുത്തിരിക്കുന്നത്. വാളയാര്‍ കേസില്‍ ഇത്രയും ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരെ കൊലപ്പെടുത്തിയവര്‍ ജയിലിലാകുമായിരുന്നു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ കേസിലും സര്‍ക്കാരിന് താല്‍പര്യമില്ല. പണം കൊടുക്കാത്തത് കൊണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഒഴിഞ്ഞു പോയി. സ്വന്തം പാര്‍ട്ടിക്കാരാണ് മധുവിനെ കൊന്നതിന് പിന്നില്‍. അതിജീവിതയുടെ കേസിലും ഈ സര്‍ക്കാര്‍ എന്താണ് ചെയ്തത്? ഈ സര്‍ക്കാരാണ് ക്രൈംബ്രാഞ്ച് മേധാവിയെ ഉള്‍പ്പെടുത്തി 12 അംഗ അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്. നാണമുണ്ടോ ഈ സര്‍ക്കാരിന്? അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയുടെ അടുത്തേക്ക് ഇടനിലക്കാരനെ അയച്ചത് യു.ഡി.എഫല്ല. ഭീഷണിപ്പെടുത്തലും കേസെടുക്കലും ഉള്‍പ്പെടെ ഇവര്‍ പലവഴികളും നോക്കുന്നുണ്ട്. ബിരുദം ഇല്ലെന്ന് അറിഞ്ഞു കൊണ്ടാണ് സ്വപ്നയെ ഈ സര്‍ക്കാര്‍ മാനേജരാക്കിയത്. ഈ കേസില്‍ രണ്ട് കൊല്ലമായിട്ടും ഒരു അന്വേഷണവുമില്ല. ഇപ്പോള്‍ അന്വേഷിക്കുന്നത് ഭയപ്പെടുത്താനാണ്. ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ഏജന്‍സികളെ കുറിച്ച് പഠിക്കാന്‍ വച്ച കമ്മീഷന്റെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത വിഭ്രാന്തിയിലാണ് സര്‍ക്കാര്‍.
നാട്ടില്‍ നടക്കുന്നത് കണ്ട് ജനങ്ങള്‍ തലയില്‍ കൈവച്ചിരിക്കുകയാണ്. യു.ഡി.എഫും കോണ്‍ഗ്രസും സമരത്തിലാണ്. പി.സി ജോര്‍ജ് സംസാരിക്കുന്നത് ഈ കേസിന്റെ വിശ്വാസ്യത കുറയ്ക്കും. സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു അദ്ദേഹം കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.