വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിച്ചേരുന്ന പതിനായിരങ്ങളെ ഊട്ടിയിരുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡിനോട് ഭക്ഷണ വിതരണം നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശം. മേപ്പാടിയില്‍നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന വഴിയില്‍ കള്ളാടി മഖാമിലാണ് പാചകപ്പുര ഒരുക്കിയിരുന്നത്. ദിവസവും മൂന്ന് നേരം ആഹാര സാധനങ്ങള്‍ പാകം ചെയ്താണ് ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. എവിടെനിന്നും പിരിവ് സ്വീകരിക്കാതെ പ്രവര്‍ത്തകര്‍ സ്വന്തം കൈയില്‍നിന്ന് എടുത്താണ് ഭക്ഷണത്തിനുള്ള വിഭവം സമാഹരിച്ചിരുന്നത്.
പാചകപ്പുരയിലും യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്ക് പാഴ്സലായിട്ടാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇന്ന് ഭക്ഷണം എത്തിച്ചപ്പോള്‍ പോലീസ് തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് സേനയിലുള്ളവര്‍ ഉള്‍പ്പെടെ ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.
നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഇവിടെ ഒരു ചുക്കുമില്ലെന്നും ഡി.ഐ.ജി തോംസണ്‍ ജോസ് പറഞ്ഞതായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇനി ഭക്ഷണവിതരണം ചെയ്താല്‍ നിയമപരമായി നടപടിയെടുക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍, പൊലീസ് സേനാ അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍, പോലീസ് – ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നത്. നാളെ മുതല്‍ ഇവരുടെയെല്ലാം അന്നം മുടക്കിയിരിക്കുകയാണ് സര്‍ക്കാര്‍.