X
    Categories: keralaNews

വിജിലന്‍സിനെ ഇറക്കി സര്‍ക്കാര്‍; എം.ഡി.സി ബാങ്കിനെ കുരുക്കിട്ട് പിടിക്കാന്‍ നീക്കം

അനീഷ് ചാലിയാര്‍
കോഴിക്കോട്

വിജിലന്‍സിനെ ഇറക്കി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ(എം.ഡി.സി ബാങ്ക്) കുരുക്കിട്ട് പിടിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു.ബാങ്കില്‍ നടന്ന സ്വാഭാവിക സ്ഥാനക്കയറ്റ നടപടികളില്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചാണ് എം.ഡി.സി ബാങ്കിനെതിരെ വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 15 ന് എം.ഡി.സി ബാങ്ക് ജില്ലാ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തുകയും ജി.എമ്മിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ദിവസങ്ങള്‍ക്കകം തന്നെ വിജിലന്‍സ് മലപ്പുറം യൂണിറ്റില്‍ നിന്ന് ബാങ്കിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം.

പുതിയ ഭരണസമിതി 94 ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കിയിരുന്നു. ഇത് ക്രമവിരുദ്ധമാണെന്ന് പരാതിയിലാണ് നടപടി. സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ യഥാസമയം നല്‍കാതിരുന്ന പ്രമോഷന്‍ ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചാണ് നിലവിലെ ഭരണസമിതി പരിഗണിച്ചതും അനുകൂല തീരുമാനമെടുത്തതും.

2016 ല്‍ 23 പാര്‍ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയതും പുതിയ ഭരണസമിതി 22 പാര്‍ടൈം സ്വീപ്പര്‍മര്‍ക്ക് പ്രമോഷന്‍ നല്‍കിയതടക്കമുള്ള നിയമനങ്ങളാണ് വിജിലന്‍സ് പരിശോധിച്ചത്. ബാങ്ക് അധികൃതര്‍ വിജിലന്‍സിന് കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയതില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. 2016 ലെ പ്യൂണ്‍ നിയമനം സംബന്ധിച്ച് നിലവില്‍ ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളുണ്ട്. ഈ ഹര്‍ജികളിലുള്ള ഇടക്കാല വിധി നടപ്പാക്കുക മാത്രമാണ് എം.ഡി.സി ബാങ്ക് ചെയ്തിട്ടുള്ളത്. 2016 ല്‍ 23 പി.ടി.എസ്സുമാര്‍ക്ക് നല്‍കിയ പ്രമോഷന്‍ റദ്ദ് ചെയ്യണമെന്ന് അന്ന് ജോ.രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജോ.രജിസ്ട്രാറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്യൂണ്‍ തസ്തികയില്‍ 14 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് പേര്‍ക്ക് എം.ഡി.സി ബാങ്ക് നിയമനം നല്‍കുകയും ചെയ്തിരുന്നു. പ്യൂണ്‍ നിയമനത്തിന് പി.എസ്.സി റാങ്ക് ലിസ്റ്റുകളൊന്നും ഇപ്പോള്‍ നിലവിലില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥി എം.ഡി.സി ബാങ്കിനെതിരെ നല്‍കിയ മൂന്നാമത്തെ ഹര്‍ജി ഹൈക്കോടി തള്ളുകയും ചെയ്തിട്ടുണ്ട്. പാര്‍ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയ എം.ഡി.സി ബാങ്കിന്റെ നടപടി അംഗീകരിക്കുന്നത് കൂടിയാണ് ഈ ഹൈക്കോടി വിധി.പുതിയ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം വിവിധ ഘട്ടങ്ങളിലായി ഫീഡര്‍ കാറ്റഗറിയില്‍ നിന്നാണ് 94 പേര്‍ക്ക് പ്രമോഷന്‍ നല്‍കിയത്. ഇതില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുതല്‍ പ്യൂണ്‍ വരെയുണ്ട്. 22 പി.ടി.എസുമാര്‍ക്കാണ് ഇതില്‍ പ്യൂണ്‍ നിയമനം നല്‍കിയത്. കേരള ബാങ്കില്‍ നടപ്പാക്കിയ അതേ അനുപാതത്തിലാണ് ഈ നടപടി. ബാങ്കിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സുഖമമായി നടപ്പാക്കുന്നതിന് വേണ്ടി ഭരണസമിതിയെടുത്ത തീരുമാനമാണ് ജനറല്‍ മാനേജര്‍ നടപ്പാക്കിയത്. എന്നാല്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കിയ തസ്തികക്കനുസൃതമായ വേതനവും ആനുകൂല്യവും ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ പുതുക്കിയ ശമ്പളത്തിന് അര്‍ഹതയുണ്ടാകു എന്ന് ജനറല്‍ മാനേജര്‍ നല്‍കിയ നിയമന ഉത്തരവില്‍ വ്യക്തമാക്കുന്നുമുണ്ട്. ജില്ലാ ബാങ്ക് പ്രസിഡന്റിന്റെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫലത്തില്‍ 22 പേര്‍ക്ക് പുതുതായി പ്രമോഷന്‍ നല്‍കിയെങ്കിലും ബാങ്കിന് അധിക സാമ്പത്തിക ബാധ്യയുണ്ടാക്കിയിട്ടില്ല. എന്നിരിക്കെ ബാങ്കിനെതിരെയുള്ള നീക്കം സര്‍ക്കാറിനെയും വിജിലന്‍സിനെയും പ്രതിക്കൂട്ടിലാക്കും.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജില്ലാ ബാങ്കുകള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് പുതിയ ബാങ്ക് രൂപീകരിക്കാന്‍ ശ്രമം നടത്തിവരികയാണ്. ഈ തീരുമാനത്തോട് വിയോജിക്കുകയും നിയമപോരാട്ടത്തിലൂടെ ജില്ലാ ബാങ്കായി തന്നെ നിലല്‍ക്കുകയുമാണ് എം.ഡി.സി ബാങ്ക്. ലയനം നടപ്പാക്കാന്‍ സഹകരണ നിയമം മറികടന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നീട്ടിയതടക്കമുള്ള നീക്കങ്ങള്‍ക്ക് ഹൈക്കോടതിയിലടക്കം കനത്ത തിരിച്ചടിയാണ് സര്‍ക്കാറിന് നേരിട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടയിലാണ് എം.ഡി.സി ബാങ്കിനെ ഏതു വിധേനയും ലയിപ്പിച്ചെടുക്കാന്‍ സര്‍ക്കാറിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായാണ് ഭരണസമിതിയെക്കൂടി ഉന്നമിട്ട് വിജിലന്‍സിനെ ഇറക്കി സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നത്.

പ്രമോഷന്‍ ഇടത്
സംഘടനയുടെ കൂടി ആവശ്യം

എം.ഡി.സി ബാങ്കില്‍ നടന്ന പ്രമോഷന്‍ നടപടികള്‍ ഇടതു സംഘടനയുള്‍പ്പെടെയുള്ള മുഴുന്‍ ജീവനക്കാരുടെയും ആവശ്യം പരിഗണിച്ച്. കേരള ബാങ്ക് ലയനത്തിന് സര്‍ക്കാറിന് പിന്തുണയുമായി നിന്ന ഇടതു അനൂകൂല സംഘടനയടക്കം പ്രമോഷന്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ബാങ്ക് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. ജില്ലാ ബാങ്കായി നിലനില്‍ക്കുന്നതിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷനാണ് പ്രമോഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇടതു സംഘടനയുടെ സെക്രട്ടറിയാണ് രേഖാമൂലം ജില്ലാ ബാങ്ക് പ്രസിഡന്റിന് കത്ത് നല്‍കിയത്. പി.എസ്.സിയിലേക്ക് മാറ്റിവെച്ച തസ്തികയിലേക്കടക്കം താത്കാലികമായെങ്കിലും പ്രമോഷന്‍ നല്‍കണമെന്ന് ഈ കത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

 

 

Chandrika Web: