മലപ്പുറം: നാഷണല്‍ ഹൈവെ വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച കോടികള്‍ ട്രഷറി എക്കൗണ്ടില്‍ കിടന്നിട്ടും അതു നേടിയെടുക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധി പറഞ്ഞു വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സര്‍വകലാശാല അധികൃതരുടെ നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എം.എസ്.എഫ്. സാമ്പത്തികമായി കാലിക്കറ്റ് സര്‍വകലാശാലക്ക് മാത്രം ലഭിക്കേണ്ട കോടികള്‍ വകമാറ്റി ചെലവഴിക്കുന്നതിനെതിരെയാണ് എം.എസ്.എഫ് സമരത്തിനൊരുങ്ങുന്നതെന്ന് എം.എസ്.എഫ് പ്രതിനിധികളും സെനറ്റ് മെമ്പര്‍മാരായ അമീന്‍ റാഷിദ്, റഹീസ് ആലുങ്ങല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
14.5 ഏക്കര്‍ ഭൂമിയാണ് ഹൈവേ വികസനത്തിന് വേണ്ടി സര്‍വകലാശാല എന്‍. എച്ച്.എ.ഐന് വിട്ടു നല്‍കിയത്. വിട്ടുനല്‍കിയ ഭൂമിയുടെ നഷ്ടപരിഹാര തുകയായി 95 കോടി രൂപയും നിശ്ചിത തുകയുടെ പലിശയിനത്തില്‍ 10 കോടിയുമാണ് സര്‍വകലാശാലക്ക് ലഭിക്കേണ്ടിയിരുന്നത്. സര്‍വകലാശാലക്ക് ലഭിക്കേണ്ട നിശ്ചിത തുക സര്‍ക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ട്രഷറിയില്‍ അടച്ചതായാണ് വിവരാവകാശ രേഖകളിലുള്ളത്. സര്‍വകലാശാലയുടെ ഭൗതിക സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ്, ഇ ഗ്രാന്റ്, സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ളവക്ക് ചെലവഴിക്കേണ്ട തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ദയനീയത പരിഹരിക്കാന്‍ വേണ്ടി വകമാറ്റി നല്‍കിയിരിക്കുന്നത്. മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും ഉള്‍പ്പെടെ പൂര്‍ണമായി ലഭിക്കാത്ത സാമ്പത്തിക സാഹചര്യം സര്‍വകലാശാലയില്‍ തന്നെ നിലനില്‍ക്കെ ഫീസിനത്തിലും മറ്റും വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് കൊണ്ടു തന്നെ വിവിധ കോഴ്‌സുകള്‍ക്കും പരീക്ഷകള്‍ക്കുമായി ആയരങ്ങളാണ് ഫീസിനത്തില്‍ സര്‍ക്കാര്‍ കൈപറ്റുന്നത്. ഈ പിടിച്ചുപറി അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.