X

സര്‍ക്കാര്‍ 2000 കോടി കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ തുടര്‍ച്ചയായി കടപ്പത്രം പുറപ്പെടുവിച്ച് സര്‍ക്കാര്‍. 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. കാലിയായ ഖജനാവുമായി ഭരണം തുടരുന്ന പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിനുമേല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് കെട്ടിവെക്കുന്നു. ഇന്നലെ 2000 കോടികൂടി കടമെടുക്കാന്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ 20ന് 1500 കോടിയുടെ കടപ്പത്രം പുറപ്പെടുവിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

കേരളം കടക്കെണിയിലായിരിക്കെ വീണ്ടും കടമെടുക്കുന്നതിലൂടെ ഓരോ പൗരന്റെയും ബാധ്യത വര്‍ധിക്കുകയാണ്. ഓണത്തിന് ശേഷം സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ വിവാദവും ധൂര്‍ത്തും സജീവ ചര്‍ച്ചയായി. ഓഗസ്റ്റില്‍ രണ്ടു തവണയായി 4000 കോടിയും സെപ്തംബറില്‍ രണ്ടുതവണയായി 2436 കോടിയും ഒക്‌ടോബറില്‍ 1500 കോടിയും കടമെടുത്തിരുന്നു. ഇതിനുപുറമേയാണ് ഇപ്പോള്‍ 2000 കോടി കടമെടുക്കുന്നത്. സാധാരണ 7.69 ശതമാനം നിരക്കിലാണ് കടമെടുക്കുന്നത്. രാജ്യത്തുതന്നെ ഏറ്റവുമധികം കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യ, ബജറ്റ് നിര്‍ദേശങ്ങള്‍, പദ്ധതി ആസൂത്രണം തുടങ്ങിയവയെ അടിസ്ഥാനമാക്കി കടം പരിശോധിക്കുമ്പോള്‍ കേരളം റെക്കോര്‍ഡിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ജി.എസ്.ടി വിഹിതം നല്‍കാത്തതും മാത്രമാണ് കേരളത്തിന്റെ പ്രശ്‌നമെന്നും ആവര്‍ത്തിച്ചുപറയുന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്നെയാണ് അടിക്കടി കടമെടുത്ത് സംസ്ഥാനത്തെ ബാധ്യതയിലേക്ക് നയിക്കുന്നത്.

ഒരിക്കലും തിരിച്ചടക്കാന്‍ കഴിയാത്ത വിധത്തിലേക്ക് കടത്തിന്റെ ആഴം വര്‍ധിക്കുകയാണ്. റവന്യു വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളം പെന്‍ഷന്‍ എന്നിവക്ക് മാറ്റിവെക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി വിഹിതം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് ഇവയൊക്കെയാണ് കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും.
മറ്റ് റവന്യു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 1957ല്‍ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നെങ്കില്‍ 2022ല്‍ ഇത് 3.3 ലക്ഷം കോടിയായി ഉയര്‍ന്നു. കേരളത്തിന്റെ ജി.എസ്.ഡി.പിയുടെ 37 ശതമാനത്തോളം കടം വാങ്ങിയിരിക്കുകയാണ്.

Test User: