കെപി ജലീല്‍
സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാസമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ,സര്‍ക്കാറിനെതിരെ തുടരെത്തുടരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഉത്തരംമുട്ടി സര്‍ക്കാറും മുഖ്യമന്ത്രിയും. മരംമുറി മുതല്‍ മുല്ലപ്പെരിയാറും കുട്ടിക്കടത്തും വഖഫ്‌ബോര്‍ഡ് നിയമനവും ഉള്‍പ്പെടെ നിരവധിവിഷയങ്ങളില്‍ സര്‍ക്കാര്‍ മുള്‍മുനയിലായത് പാര്‍ട്ടിസമ്മേളനകാലത്ത് ഇത് അഭൂതപൂര്‍വമായ അനുഭവമാണ്. സമ്മേളനങ്ങള്‍ പ്രാദേശികതലം വിട്ട് ജില്ലാതലത്തിലേക്കെത്തിയതോടെ സര്‍ക്കാറുംമുഖ്യമന്ത്രിയും വലിയതോതില്‍ സമ്മര്‍ദത്തിലായി.
മുട്ടില്‍മരംമുറി അഴിമതിയാണ് ഒക്ടോബറില്‍ പിടിച്ചുലച്ചതെങ്കില്‍ അതില്‍നിന്ന് തന്ത്രപൂര്‍വം തലയൂരിയ സര്‍ക്കാര്‍ പിന്നീട് മുല്ലപ്പെരിയാറിലെ മറ്റൊരു മരംമുറി ഉത്തരവിലാണ് കുടുക്കിലായത്. മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് പറഞ്ഞ് ഉത്തരവ് പിന്‍വലിച്ചെങ്കിലും സുപ്രീംകോടതിയില്‍ മറ്റന്നാള്‍ കേസ് പരിഗണനക്ക് വരുമ്പോള്‍ സര്‍ക്കാറിന് വിയര്‍പ്പൊഴുക്കേണ്ടിവരും. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം നിയന്ത്രണമില്ലാതെ തുറന്നുവിട്ടതും സര്‍ക്കാറില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. തമിഴ്‌നാട് വിഷയം പരമാവധി ഊതിവീര്‍പ്പിച്ച് വിധി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ്.
പാര്‍ട്ടിക്കാരിയായ കുടുംബത്തിന്റെ കുട്ടിക്കടത്താണ് പിന്നീട് വലിയകോലാഹലമായത്. അതിലും സര്‍ക്കാറിന് പിന്‍വലിയേണ്ടിവന്നെങ്കിലും പ്രതികള്‍ക്കെതിരെ നടപടി ഇനിയുമെടുത്തിട്ടില്ല. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നിയമമാണ് പുതിയ വിവാദത്തിനും പിന്‍വലിയലിനും ഇടയാക്കിയ മറ്റൊന്ന്. സര്‍ക്കാറിനെതിരെ മുസ്‌ലിം വിഭാഗത്തില്‍നിന്ന് അടുത്തെങ്ങുമില്ലാത്ത പ്രതിഷേധമാണ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത. കോഴിക്കോട് കടപ്പുറം സമ്മേളനം സര്‍ക്കാറിന് ഇനി വിഷയത്തില്‍ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയതോടെ സമ്മേളനത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉന്നതവിദ്യാഭ്യാസത്തെ രാഷ്ട്രീയവല്‍കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് പിണറായിവിജയന്‍. യുവതിയുടെ മരണവുമായി ആലുവയില്‍ സി.ഐയെ സ്ഥലംമാറ്റേണ്ടിവന്നതും മുഖ്യമന്ത്രിക്ക് ക്ഷീണമായി. തുടരുന്ന ഗുണ്ടാആക്രമണങ്ങളും പിടിച്ചാല്‍കിട്ടാത്ത വിലക്കയറ്റവും പിണറായിയുടെ നേര്‍ക്കുതന്നെയാണ് കുന്തമുന ചൂണ്ടുന്നത്. അന്തരിച്ച എം.എല്‍.എയുടെ പുത്രന് കൊടുത്ത സര്‍ക്കാര്‍ജോലി ഹൈക്കോടതി റദ്ദാക്കിയത് മറ്റൊരുതിരിച്ചടിയായി.