മനുഷ്യ ജീവിതം രണ്ട് ധ്രുവങ്ങളിലാണ് കേന്ദ്രീകരിക്കപ്പെടേണ്ടത്. ഒന്ന് ഫോക്കസിംഗ് അഥവാ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത്. രണ്ട് എലിമിനേഷന്‍ അഥവാ ഒഴിവാക്കേണ്ടത് എന്നിവയാണവ. ജീവിതമാകുന്ന യാത്രയില്‍ അറിയാതെ നമ്മുടെ ശീലങ്ങളിലും ചിന്തകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളെ ഉന്മൂലനം ചെയ്ത് നിരന്തരം നവീകരിക്കപ്പെടുകയാണ് പ്രധാനം. മോശപ്പെട്ട ചിന്തകളോ തെറ്റായ പ്രവര്‍ത്തികളോ ദുഷിച്ച കൂട്ടുകെട്ടുകളോ എന്തുമാവട്ടെ തന്റെ സക്രിയമായ ജീവിതത്തിനും സമാധാനപൂര്‍ണമായ അതിജീവനത്തിനും വിഘാതമാകുന്ന കാര്യങ്ങള്‍ വേണ്ടന്ന് വെക്കാനും അവയില്‍നിന്നൊക്കെ മാറിനടക്കാനും കഴിയുക എന്നത് മഹാ ഭാഗ്യമാണ്. ഏതൊന്ന് നിര്‍മിക്കണമെങ്കിലും ചിലതൊക്കെ നശിപ്പിക്കുകയോ ക്രമപ്പെടുത്തുകയോ അനിവാര്യമാണല്ലോ. വിശുദ്ധിയുടെ വ്രത നാളുകള്‍ പകര്‍ന്ന് നല്‍കുന്നത് ഇവ്വിധമൊരു വിമോചനത്തിനുള്ള മഹത്തായ അവസരങ്ങളാണ്.
താന്‍ ചെയ്യുന്ന പിഴവുകളെ തന്നെക്കാള്‍ നന്നായി ആര്‍ക്കാണ് അറിയുക. അത്‌കൊണ്ട്തന്നെ അത് ഉന്മൂലനം ചെയ്യാനും അവനവന്‍ തീരുമാനിച്ചെങ്കിലേ സാധ്യമാകൂ. പക്ഷേ ആഗ്രഹമുണ്ടെങ്കിലും മനസ്സ് സമ്മതിക്കുന്നില്ല. ചെയ്ത് പോയ തെറ്റുകള്‍ ഏല്‍പ്പിച്ച മുറിവുകള്‍ മായാതെ നീറുമ്പോഴും തിരുത്താന്‍ മനസ്സനുവദിക്കുന്നില്ല. നഷ്ടം നമുക്കല്ലാതെ വേറെ ആര്‍ക്കാണ്.
ജീവിതം ധന്യവും മനസ്സ് ശാന്തവും ആകണമെന്ന് കൊതിക്കുന്നുവെങ്കില്‍ എലിമിനേഷനില്‍ വിജയിച്ചേ തീരൂ. നമുക്കേവര്‍ക്കും ഒരു നിയോഗമുണ്ട്. കര്‍മ്മവും ധര്‍മവും അതിനുള്ള ഉപധികളാണ്. ശരികളിലേക്ക് മനസ്സ് കേന്ദ്രീകരിക്കപ്പെടുകയും സുകൃതങ്ങള്‍ സജീവമാക്കാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് വിവേകികളുടെ ലക്ഷണം. ഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ പ്രവര്‍ത്തികള്‍ കൊണ്ടല്ല മറിച്ച് മികച്ച ശീലങ്ങളിലൂടെയാണ്. ഒരുവനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത് അത്തരം മൂല്യങ്ങളാണ്.
താന്‍ ചെയ്യുന്ന നന്മകള്‍ തന്നെ സന്തോഷിപ്പിക്കുകയും തിന്മകള്‍ ദു:ഖിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അവനാണ് യഥാര്‍ഥ വിശ്വാസി എന്ന പ്രവാചക സന്ദേശം എത്ര മഹത്തരമാണ്. പശ്ചാത്താപത്തിനായി മനസ്സ് പാകപ്പെടുക വഴി രണ്ട് നേട്ടങ്ങളാണ്. ഒന്ന് ഇന്നലെകളിലെ മുറിവുകളില്‍ നിന്ന് മനസ്സും ശരീരവും മോചിതമാകുന്നു. രണ്ടാമെത്തെത് മുന്നോട്ടുള്ള പ്രയാണത്തിന്റെ വഴി കൂടുതല്‍ വ്യക്തമാകുന്നു. ഏറ്റവും അടുത്ത് ഇടപഴകുന്ന സ്വന്തക്കാരും ഉറ്റ ചങ്ങാതിമാരുമൊക്ക നല്‍കുന്ന വിലയിരുത്തലുകള്‍ തള്ളികളയേണ്ടവയല്ല, ആത്മ വിചിന്തനത്തിന്റെ ഈ അനുഗ്രഹീത നാളില്‍ വീണ്ടു വിചാരത്തിനും ആത്മ ശുദ്ധീകരണത്തിനുമായി അവ ഉപയോഗപ്പെടുത്തണം.
എന്നിലെ കുറവുകള്‍ കേള്‍ക്കുമ്പോള്‍ ന്യായീകരിച്ച് ജയിക്കാനല്ല, അത്തരമൊരു വിലയിരുത്തലിന് നിദാനമായ തന്റെ പരിസരങ്ങളെ പുനഃപരിശോധിക്കുകയാണ് വേണ്ടത്. തെറ്റുകള്‍ ഉള്‍ക്കൊള്ളുന്നത് കുറവല്ല, മറിച്ചത് ഒരു വ്യക്തിയുടെ മാഹാത്മ്യം തന്നെയാണ്. മനസ്സ് കേന്ദ്രീകരിക്കേണ്ട സുകൃതങ്ങള്‍ വഴിയേ പരിചയപ്പെടാം.