കണ്ണൂര്‍: കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന്റെ നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എല്ലാവരെയും ഒന്നായിക്കണ്ട് സാമൂഹ്യപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണത അവകാശപ്പെടാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് മുസ്‌ലിംലീഗ് സമ്പൂര്‍ണത കാണുന്നത് മത-സാമൂഹ്യ മേഖലയിലെ ഉത്തരവാദിത്തത്തോടൊപ്പം സ്‌നേഹവും സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിലാണ്. സാഹോദര്യത്തിന്റെ നല്ല നാളുകള്‍ നിലനിന്നുപോകണമെന്നതാണ് നിലപാട്. മുന്‍ഗാമികളുടെ പാതയില്‍ സഹിഷ്ണുതയുടെ മാര്‍ഗത്തിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ സൗഹാര്‍ദ അന്തരീക്ഷം നിലനിന്നുപോകേണ്ടത് അനിവാര്യമാണ്.
സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. സമാധാനം നിലനിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ്. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അത്യാവശ്യമാണ്. ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരെയാണ് പോരാട്ടം. ആശാവഹമാണ് മുസ്‌ലിംലീഗ് തുടക്കം കുറിച്ച ജില്ലാ സംഗമങ്ങളെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.