‘പാപികളാവുക’ കൊടിയ തെറ്റു കുറ്റങ്ങള്‍കൊണ്ട് മാത്രമാകണമെന്നില്ല, അശ്രദ്ധയിലോ ഓര്‍ക്കാപ്പുറത്തോ വന്നുപോകുന്ന കുഞ്ഞു കുഞ്ഞു പിഴവുകളോ മറ്റുള്ളവരുടെ പ്രേരണയില്‍ അറിയാതെ പെട്ട് പോകുന്നതോ ഒക്കെ ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ടത് തന്നെയാണ്. തെറ്റുകളില്‍ നിന്ന് കുറ്റങ്ങളിലേക്കും കുറ്റങ്ങളില്‍ നിന്ന് നാശങ്ങളിലേക്കും ചെന്ന് പതിക്കുന്ന അപകടകരമായ സങ്കീര്‍ണതയാണ് ഇന്ന് ജീവിതം.
പാപക്കറ കൂടുംതോറും ഹൃദയം കഠിനമാകും. അത് ദൈവിക നിന്ദയിലും നിരാശയിലും കൊണ്ടെത്തിക്കും. തിരിച്ചുപിടിക്കാനാവാത്ത കൊടിയ നാശത്തിലേക്ക് ഒടുവില്‍ ചെന്നെത്തുകയും ചെയ്യും. ഇവ്വിധം ജീവിതയാത്രയില്‍ അടിപതറിപ്പോയ അനേകായിരങ്ങളുടെ കദന കഥകള്‍ നമുക്ക് മുമ്പിലുണ്ട്.
തെറ്റുകള്‍ പറ്റി പോകുന്നതല്ല അവ തിരിച്ചറിഞ്ഞ് തിരുത്താന്‍ കഴിയാതെപോകുന്നതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. സംഭവിക്കുന്നത് തെറ്റാണു എന്ന് വിവേചിച്ചറിയാന്‍ കഴിയാത്ത മനോനിലയാണ് പാപപങ്കിലമായ ഹൃദയങ്ങളുടെ ദുര്യോഗം. വിശുദ്ധിയുടെ വ്രതനാളുകള്‍ അതിന്റെ രണ്ടാം ഭാഗത്തെ പരിചയപ്പെടുത്തുന്നത് പാപമോചനത്തിന്റെ അനുഗ്രഹീത ദിനരാത്രങ്ങള്‍ എന്ന നിലയിലാണ്. പാപങ്ങള്‍ അശേഷം സംഭവിക്കാത്ത വിശ്വാസികള്‍ എന്ന നിലയിലല്ല പറ്റിപോയ പാപങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദൈവ സന്നിധിയില്‍ വന്നണയുന്ന ഭാഗ്യശാലികളാവാനാണ് റമസാന്‍ ആവശ്യപ്പെടുന്നത്.
നാവ് കൊണ്ട് നോവിക്കുമ്പോഴും ശരീരം കൊണ്ട് വേദനപ്പിക്കുമ്പോഴും മനസ്സ് കൊണ്ട് വെറുക്കുമ്പോഴും കൂട്ട്കൂടി നശിപ്പിക്കുമ്പോഴുമെല്ലാം അറിയാതെ പൈശാചിക വലയത്തില്‍ അഭയം പ്രാപിക്കും. പിന്നീട് നന്മയുടെ നോട്ടം പതിക്കാത്ത രീതിയില്‍ അവന്‍ കര്‍മ്മമണ്ഡലങ്ങളെ മലീമസമാക്കും. പൈശാചിക ഇടപെടലുകള്‍ക്ക് വിലങ്ങിടുന്ന വ്രതനാളുകളില്‍ തിന്മയുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് കാരുണ്യവാനായ നാഥന്റെ മുന്നില്‍ നാം ഓടിയെത്തും. മനമുരുകി പ്രാര്‍ഥിച്ച് പശ്ചാത്താപത്തിനായി കാത്തിരിക്കും. ഇത്തരമൊരു തിരിച്ചറിവും അവനില്‍ അഭയം പ്രാപിക്കാനും പാപമോചനത്തിനായി തേടാനുമുള്ള മനസ്സും മാത്രം മതി പാപമോചനം നല്‍കി അവന്റെ കാരുണ്യം കൊണ്ട് സന്തോഷിപ്പിക്കാന്‍. അടുത്ത പത്ത് നാളുകള്‍ ഉപയോഗപ്പെടുത്തേണ്ടത് അങ്ങനെയാണ്.
ഓരോ നിമിഷങ്ങളിലും കഴിഞ്ഞ പതിനൊന്ന് മാസങ്ങളില്‍ വന്നുപോയ പാകപ്പിഴവുകള്‍ ഓരോന്നും ഓര്‍ത്തെടുത്തു ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മനസ്സ് കൊണ്ട് പ്രതിജ്ഞപുതുക്കി സര്‍വ ശക്തന്റെ വിട്ടുവീഴ്ചക്ക് വേണ്ടി ഹൃദയം നൊന്ത് കേഴുക. അവന്‍ കേള്‍ക്കാതിരിക്കില്ല. കാരണം ഈ മടക്കം അവനെ ഏറെ സന്തോഷവാനാക്കുന്ന ഒന്നാണ്. അത്‌കൊണ്ട് തന്നെയാണ് പാപമോചനത്തിനു നിഷ്‌കളങ്കമായി കൊതിക്കുന്നവരെ അല്ലാഹു നിരാശരാക്കില്ല എന്ന് പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നത്.
ഒരു തെറ്റും ചെയ്യാത്ത പ്രവാചകര്‍ വരെ ദിനം എഴുപതിലധികം തവണ പാപമോചനത്തിനായി തേടുമായിരുന്നുവത്രെ. സുകൃതങ്ങളുടെ പുതു വഴി തീര്‍ക്കാന്‍ വിശ്വാസിക്ക് വന്നുചേരുന്ന തിരുത്തുകളുടെ വസന്തകാലമായി വ്രതനാളുകള്‍ പങ്കുവെക്കപ്പെടുന്നത് അത്‌കൊണ്ടാണ്.