സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നാടകമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ഗവര്‍ണറും സര്‍ക്കാറും നയപ്രഖ്യാപന വിഷയങ്ങളിലുള്‍പ്പടെ നാണംകെട്ട കൊടുക്കല്‍ വാങ്ങലുകളാണെന്ന് വി.ഡി സതീശന് പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ, ഗവര്‍ണര്‍ അവരുടെ പ്രതിനിധിയായി നിന്ന് സിപിഎമ്മും മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീര്‍പ്പാണിതെന്ന് സതീശന് കുറ്റപ്പെടുത്തി. ഇവര്‍ തമ്മില്‍ സൗന്ദര്യപിണക്കം മാത്രമാണെന്നും കേരളത്തിലെ ജനങ്ങളെ ഇവര്‍ കബളിപ്പിക്കുകയാണെന്നും കൂട്ടിചേര്‍ത്തു.
ഗവര്‍ണര്‍ ബിജെപിയുടെ വക്താവ് എന്നനിലയിലേക്ക് തരംതാഴുകയാണ്. കണ്ണൂര്‍ വി സി നിയമനത്തില്‍ ഒപ്പുവെച്ചതും ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതും ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതുമെല്ലാം ഗവര്‍ണറുടെ നാടകമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും നിയമസഭയെ അവഹേളിച്ചെന്നും പറഞ്ഞു.