X

പിണറായിയെ മുട്ടുകുത്തിച്ച ബാലിക- പി. ഇസ്മായില്‍ വയനാട്‌

പി. ഇസ്മായില്‍ വയനാട്‌

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസുകാര്‍ തന്നെ കൊടും കുറ്റവാളികളായി മാറുന്ന അവസ്ഥയെയാണ് കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മൃദുഭാവെ ദൃഢ കൃതൃ (മൃദുവായ പെരുമാറ്റം, ദൃണ്ഡമായ കര്‍മങ്ങള്‍) എന്ന പൊലീസിന്റെ ആപ്തവാക്യം തലകീഴാക്കി മോഷണ കുറ്റം ചുമത്തി എട്ടു വയസ്സുകാരിയെ വിചാരണ നടത്തിയ ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ ചെയ്തിക്കെതിരായാണ് കോടതി രോഷം പൂണ്ടത്. പൊതു സ്ഥലങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സേനക്കു കീഴില്‍ പിങ്ക് ബീറ്റ് ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് പിങ്ക് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കെ. എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും പട്രോളിങ് നടത്തുന്നതോടൊപ്പം ബസ് സ്റ്റോപ്പുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നീ ഇടങ്ങളിലും പിങ്ക് പൊലീസിന്റെ സാന്നിധ്യമുണ്ടാവാറുണ്ട്. പ്രത്യേക പരിശീലനം നല്‍കിയ വനിതാപൊലീസുകാര്‍ക്കാണ് ചുമതല നല്‍കാറുള്ളത്. സ്ത്രീകള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങളും ലൈംഗിക അതിക്രമങ്ങളും തടയലും യാത്രക്കാരായ കുട്ടികളുടെ സുരക്ഷയും പിങ്ക് പൊലീസിന്റെ പ്രധാനപ്പെട്ട ചുമതലയാണ്.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിനാണ് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ക്ഷതം ഏല്‍പിച്ചത്. ഐ.എസ്.ആര്‍.ഒയിലേക്ക് യന്ത്ര ഭാഗങ്ങള്‍ കൊണ്ടുപോയ വലിയ വാഹനം കാണാനെത്തിയ തോന്നക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിത പരസ്യമായി ജനക്കൂട്ടത്തിനിടയില്‍ അവഹേളിക്കുകയായിരുന്നു. വാഹനം കാണാന്‍ പിങ്ക് പൊലീസിന്റെ കാറിന് സമീപമായിരുന്നു കുട്ടിയും അച്ഛനും നിന്നത്. ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞ് ഇവരെ ആള്‍ക്കൂട്ടത്തിനിടയില്‍ പരസ്യ വിചാരണ നടത്തുകയായിരുന്നു. നാട്ടുകാരുടെ തിരച്ചലില്‍ ഉദ്യോഗസ്ഥയുടെ കാറിലെ പിന്‍സീറ്റിലെ ബാഗി നിന്നും മൊബൈല്‍ ഫോണ്‍ കിട്ടി. കുട്ടിയോടോ രക്ഷിതാവിനോടോ ക്ഷമ പറയാന്‍ പോലും തയ്യാറാവാതെയാണ് പിങ്ക് പൊലീസ് സ്ഥലംവിട്ടത്. കുട്ടിയെയും അച്ഛനെയും മോഷ്ടാവായി മുദ്രകുത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നാടാകെ പ്രചരിക്കുകയും അതേ തുടര്‍ന്ന് വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കണ്ണില്‍പൊടിയിടാനായി കേവലം സ്ഥലം മാറ്റം മാത്രമാണ് ഉദ്യോഗസ്ഥക്കെതിരെ സര്‍ക്കാര്‍ കൈകൊണ്ടത്.

സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തും നഷ്ടപരിഹാരം ആവശ്യപ്പെട്ടും ബാലിക കോടതിയെ സമീപിച്ചതും തുടര്‍ന്നുള്ള കോടതി വിധിയും ആഭ്യന്തര വകുപ്പിനുണ്ടാക്കിയ നാണക്കേട് നിസ്സാരമല്ല. കുറ്റം ചെയ്ത ഉദ്യോഗസ്ഥയെ രക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവത്തില്‍ മൗലികാവകാശ ലംഘനം നടന്നിട്ടില്ലന്നും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിയമാനുസൃതമായ രീതിയില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി കൈകൊണ്ടിട്ടുണ്ടെന്നും ഇതിനപ്പുറം സാധ്യമല്ലെന്നും കുട്ടിയോട് മോശമായി പൊലീസ് സംസാരിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനായി നാല് ദൃക്‌സാക്ഷികളുടെ മൊഴികളും ഹാജറാക്കി കുറ്റക്കാരിയെ വെള്ളപൂശാനാണ് പൊലീസ് ഏമാന്‍മാരും പബ്ലിക് പ്രൊസിക്യൂട്ടറും ശ്രമിച്ചത്. ദൃശ്യങ്ങളിലെ കാഴ്ചയും അന്വേഷണ റിപ്പോര്‍ട്ടും തമ്മിലുള്ള അജഗജാന്തരം നന്നായി ബോധ്യപ്പെട്ട ന്യായാധിപര്‍ ആഭ്യന്തരത്തെ വകുപ്പിനെ കോടതി മുറിയിലിട്ട് തേച്ചൊട്ടിക്കുകയായിരുന്നു. പിങ്ക് പൊലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണ്. ഉദ്യോഗസ്ഥ നടപടി നീതികരിക്കാനാവില്ല. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസുകാരിയുടെ ചുമതലയാണ്. എന്തിനാണ് കുട്ടിയെ അപമാനിച്ചതെന്നതടക്കമുള്ള ഹൈകോടതിയുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്ക്മുന്നില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍ അടിമുടി വിയര്‍ക്കുകയായിരുന്നു. വിചാരണ നടത്തിയ പൊലീസ് ഉദ്യോഗസ്ഥ ഒരമ്മയാണോ സ്ത്രീയാണോ? പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നത് കൊണ്ടാണ് ഇവിടെ ആത്മഹത്യകള്‍വരെ ഉണ്ടാകുന്നതെന്നും പ്രതികരിച്ചാല്‍ കേസെടുക്കാനാണ് ശ്രമമെന്നുമുള്ള കോടതിയുടെ ഉഗ്രശാസനകള്‍ പിഞ്ചുബാലികയുടെ ദീന രോദനം കേള്‍ക്കാതെ പോയ ആഭ്യന്തര വകുപ്പിന്റെ ധാര്‍ഷ്ട്യത്തെയാണ് പിടിച്ചുകുലുക്കിയത്. ഒന്നര ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ചിലവിലേക്ക് 2500 രൂപ നല്‍കാനും ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്താനും ആവശ്യപ്പെട്ടുള്ള കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുമ്പോഴാണ് പബ്ലിക് ലോ റെമഡി പ്രകാരം കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കാറുള്ളത്. ഐ.എസ.് ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചതിനു തുല്യമാണ് പിങ്ക് പൊലീസ് വിഷയത്തിലെ ഹൈക്കോടതിയുടെ വിധിയും. നഷ്ടപരിഹാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദാനം നല്‍കുമെന്ന കുട്ടിയുടെ പിതാവിന്റെ പ്രഖ്യാപനം നിയമ ലംഘകരായ കാക്കി ധാരികളെ രക്ഷിക്കാന്‍ പാടുപെടുന്ന പിണറായിയുടെ ആഭ്യന്തരത്തിനേറ്റ കനത്ത തിരിച്ചടിയാണ്. പൊലീസിന്റെ നീതി നിഷേധത്തിനെതിരെ എട്ടു വയസ്സുകാരിക്ക് കോടതി വരാന്ത കയേറണ്ടിവന്ന സംഭവം ക്രമസമാധാന പാലനം അത്യാസന്ന നിലയിലാണെന്നും ആഭ്യന്തര വകുപ്പ് അപലപന വകുപ്പാക്കി മാറ്റരുതെന്നുള്ള ഓര്‍മപ്പെടത്തലുകള്‍ കൂടിയാണ്.

 

 

Test User: