ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാ സ്ഥാന പോരാട്ടം കനക്കുമ്പോള്‍ ഇന്ന് മുന്‍നിരക്കാരെല്ലാം കളത്തില്‍. നിര്‍ണായക അങ്കത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി നേരിടുന്നത് കരുത്തരായ ലീഡ്‌സ് യുനൈറ്റഡിനെ. മറ്റ് നാല് മല്‍സരങ്ങള്‍ കൂടി ഇന്ന് നടക്കുന്നുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വറിനെയും ആഴ്‌സനല്‍ സതാംപ്ടണെയും ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോര്‍വിച്ച് സിറ്റിയെയും നേരിടും. 15 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. അവരുടെ സമ്പാദ്യം 35 പോയിന്റാണ്. തൊട്ട് പിറകെ ലിവര്‍പൂളുണ്ട്. മുന്‍ ചാമ്പ്യന്മാര്‍ 34 ല്‍ നില്‍ക്കുന്നു. ചെല്‍സിക്കുള്ളത് 33 പോയിന്റാണ്. ഇന്ന് സിറ്റിയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാം.
അതേ സമയം ലിവര്‍പൂളിനും ഒന്നാം സ്ഥാനം പിടിക്കാന്‍ സാധ്യത നിലനില്‍ക്കുന്നു. സിറ്റി സമനിലയില്‍ കുരുങ്ങിയാലോ പരാജയപ്പെട്ടാലോ സ്വന്തം മല്‍സരം ജയിച്ചാല്‍ ലിവറിന് മുന്നേറാം. സിറ്റിയും ലിവറും പരാജയപ്പെട്ടാല്‍ സ്വന്തം കളി ജയിച്ചാല്‍ ചെല്‍സിക്ക് ഒന്നാം സ്ഥാനം തിരികെ പിടിക്കാം. ഈ മൂന്ന് പ്രമുഖര്‍ ഒരേ ദിവസം കളത്തില്‍ വരുമ്പോള്‍ പോയിന്റ് ടേബിള്‍ തന്നെയാണ് പ്രധാനം. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് കളത്തില്‍ വരുമ്പോള്‍ അവര്‍ക്കും കാര്യങ്ങള്‍ നിര്‍ണായകമാണ്. പുതിയ കോച്ചിന് കീഴിലാണ് ടീം.