വീട്ടിനകത്ത് തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈല്‍ വെളിച്ചത്തില്‍ സ്റ്റിച്ചിട്ടെന്ന് പരാതി. വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകന്‍ ദേവതീര്‍ത്ഥിന്റെ തലയിലാണ് ഡോക്ടര്‍ മൊബൈല്‍ വെളിച്ചത്തില്‍ സ്റ്റിച്ചിട്ടത്.
വീടിനുളളില്‍ തെന്നിവീണ കുട്ടിക്ക് തലയുടെ വലത് ഇഭാഗത്ത് പരിക്കേറ്റിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഡ്രസ് ചെയ്യുന്നതിനായി അത്യഹിത വിഭാഗത്തില്‍ നിന്ന് കുട്ടിയെ ഡ്രസിങ് റൂമിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മുറിയില്‍ ഇരുട്ടായതിനാല്‍ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് ആശുപത്രി ജീവനക്കാര്‍ എത്തി വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് കുട്ടിയെ ഒ പി കൗണ്ടറിന് മുമ്പിലിരുത്തി.
രക്തം നിലയ്ക്കാതെ വന്നപ്പോള്‍ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റുകയായിരുന്നു. മുറിയില്‍ ഇരുട്ടാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞപ്പോള്‍ ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും പറയു്‌നനു.
ശേഷം മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടേയും വെളിച്ചം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ ജനലിന്റെ അരികിലിരുത്തി മൊബൈല്‍ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.