മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള സംസ്ഥാനമെന്ന നിലക്ക് പാഠപുസ്തകത്തിലെ മതനിരാസം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന് പകരം ചില സാമൂഹ്യ പരിഷ്‌കാരികളെന്നു സ്വയം അഭിമാനിക്കുന്ന അഭിനവ ബുദ്ധിജീവികള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോമിലേക്ക് വിഷയത്തെ വഴിതിരിക്കാന്‍ ശ്രമിക്കുകയാണ്. ദൈവവിശ്വാസികളും മതവിശ്വാസികളുമായ അനേകരുള്ള സമൂഹത്തില്‍ മതനിരാസമെന്നത് ചര്‍ച്ച ചെയ്യപ്പെടാതെ പോയത് സമകാലിക മാധ്യമ അജണ്ടയുടെ ഭാഗമാണെന്ന് മനസിലാക്കേണ്ടിവരുന്നു.
ഇന്ത്യയുടെ സംസ്‌കാരം മത വിശ്വാസത്തിലൂടെയുള്ള സാമൂഹ്യ വ്യവസ്ഥിതിയാണ്. മതാചാര്യന്മാരിലൂടെയും സന്യാസവര്യന്മാരിലൂടെയുമായാണ് ഇന്ത്യയിലെ വിദ്യാഭ്യാസം രൂപപ്പെട്ടിട്ടുള്ളത്. നളന്ദയും തക്ഷശിലയുമൊക്കെ അത്തരം പാരമ്പര്യമാണ് ലോക സംസ്‌കാരത്തിന് നല്‍കിയത്. ലോകോത്തര വൈജ്ഞാനിക കേന്ദ്രമായി ഒരുകാലത്ത് ഇന്ത്യ അറിയപ്പെട്ടതും ഇത്തരത്തിലാണ്. മാമുനിമാരിലൂടെ, മഹര്‍ഷിമാരിലൂടെ, മത വിശ്വാസങ്ങളിലൂടെ രൂപപ്പെട്ടുവന്ന വിദ്യാഭ്യാസം അത്രക്ക് മഹത്തരമായ ദൗത്യം ലോകത്തിനു സംഭാവന ചെയ്ത ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഉടമകളാണ് നമ്മളെന്നതാണ് ചരിത്രത്തില്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിനിര്‍ത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒരു മതനിരാസ സംസ്‌കാരം ഇന്ത്യയില്‍ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കപട മതേതരവാദികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ഈ നവകാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അത്തരം മതനിരാസാവാദങ്ങള്‍ ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തും ഉയര്‍ന്നുവരുന്നു എന്നതാണ് കാലഘട്ടത്തിന്റെ അപകടമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നവരും കേരളത്തിന്റെ പരിപ്രേഷ്യത്തില്‍ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നവരു മൊക്കെ ഇത്തരം മതനിരാസത്തിന്റെ വക്താക്കളായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു.
തെക്കേ അമേരിക്കന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ നോവലുകളാണ് ഇന്നത്തെ സാഹിത്യകാരന്മാരുടെ മാഗ്‌നാകാര്‍ട്ട എന്ന് ചിന്തിക്കേണ്ടിവരുന്നു. തെക്കേ അമേരിക്കയുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പാരമ്പര്യ ദുരാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിച്ച പൗലോ കൊയ്‌ലോയുടെ നോവലുകളുടെ ഇതിവൃത്തത്തില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ നിലവാരത്തെ അളക്കുന്ന മത നിരാസത്തിന്റെ സാഹിത്യകാരന്മാര്‍ ഉണ്ടാക്കിവെക്കുന്ന ദുരന്തം വരുംതലമുറയില്‍ ഉണ്ടാക്കാവുന്നത് അരാജകത്വമാ ണെന്ന തിരിച്ചറിവാണ് ഡോക്ടര്‍ എം.കെ മുനീര്‍ വരികള്‍ക്കിടയിലൂടെ മുന്നോട്ട് വെക്കുന്ന മുന്നറിയിപ്പ്. മതനിരാസത്തിലൂടെ വളര്‍ന്നുവരുന്ന അരാജകത്വം, അരാജകത്വത്തിന്റെ സൃഷ്ടിയായ ധാര്‍മിക അധപതനം, മൂല്യങ്ങളുടെ ശോഷണവുമൊക്കെ ഇന്നത്തെ ക്യാമ്പസുകളില്‍ ആരംഭിച്ചുകഴിഞ്ഞു. ആണും പെണ്ണും തമ്മില്‍ തിരിച്ചറിയേണ്ടാത്ത യൂണിഫോമിനെ മുന്നോട്ടുവെക്കുമ്പോള്‍ അത്തരം വസ്ത്രധാരണ രീതികളിലൂടെ സാമൂഹ്യ സമത്വം പുലരുമെന്ന് വിശ്വസിക്കുന്നവര്‍ ഒരു നാടിന്റെ പരമ്പരാഗത സമ്പത്തിനെയാണ് നശിപ്പിക്കുന്നതെന്ന തിരിച്ചറിവിനുള്ള സമയമായി. ദൈവ ചിന്ത ഏതുമില്ലാത്ത, മത സാമുദായിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത നേര്‍സാക്ഷ്യമാണ് മൂല്യശോഷണത്തിലൂന്നിയ യുവത. കാമ്പസുകള്‍ മദ്യമയക്കുമരുന്നിന്റെ കേന്ദ്രമായി മാറുന്നുണ്ട് എന്നതാണ് ഈ കാലഘട്ടത്തിലെ മദ്യ മയക്കുമരുന്ന് കേസുകളുടെ വര്‍ധനവ് തെളിയിക്കുന്നത്.
കാമ്പസുകളില്‍ പുരോഗമനത്തിന്റെ മറവില്‍ അരാജകത്വത്തില്‍ നില മറന്ന ഭാവി തലമുറ മയക്കുമരുന്നിന്റെ ആസക്തിയില്‍ മതിമറക്കുമ്പോള്‍ എവിടെയാണ് കലാലയങ്ങളിലെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണനകള്‍ക്ക് തെറ്റുപറ്റിയതെന്ന പുനപരിശോധനയ്ക്ക് വിധേയമാകണം. ഉന്നതമായ മൂല്യബോധത്തിലൂന്നിയ വിദ്യാഭ്യാസമുണ്ടായിരുന്ന കാലഘട്ടത്തില്‍നിന്നും ഇത്തരം അരാജകത്വം കൊടികുത്തി വാഴുന്ന ഇടങ്ങളായി രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളില്‍ ഒരു വിഭാഗമെങ്കിലും മാറിയിട്ടുെണ്ടങ്കില്‍ നമ്മുടെ വിദ്യാഭ്യാസ കാഴ്ചപ്പാടിന് എന്തോ തെറ്റുണ്ട് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ആണും പെണ്ണും കണ്ടാല്‍ തിരിച്ചറിയാത്ത വസ്ത്രധാരണത്തിന്റെ രീതികളെ ആഘോഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനിടയില്‍ കൂടി കടത്തിവിടാന്‍ ശ്രമിക്കുന്ന മതനിരാസത്തിന്റെ അജണ്ടകള്‍ നാം തിരിച്ചറിയണം.