X

മഞ്ചേശ്വരത്ത്‌ക്ഷേത്ര വിഗ്രഹത്തില്‍ നിന്ന് മാല കവര്‍ന്ന സംഭവം; പൂജാരിക്കായി അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: ചുമതലയേറ്റ മൂന്നാം ദിവസം ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് അഞ്ചര പവന്‍ തിരുവാഭരണങ്ങള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം ചാര്‍ത്തി മുങ്ങിയ ക്ഷേത്ര പൂജാരിയെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്താ ദുര്‍ഗാദേവസ്ഥാനത്താണ് കവര്‍ച്ച നടന്നത്. ക്ഷേത്ര ട്രസ്റ്റി ദീപക് റാവുവിന്റെ പരാതിയില്‍ തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ കേസെടുത്താണ് അന്വേഷണം നടക്കുന്നത്.

ഒക്ടോബര്‍ 27നാണ് ദീപക് നമ്പൂതിരി ക്ഷേത്രത്തിലെ പൂജാരിയായി സ്ഥാനമേറ്റത്. അന്നും തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂജ നടത്തി. ഇതിനിടയില്‍ ക്ഷേത്രത്തില്‍ എത്തുന്നവരോടെല്ലാം നല്ല ബന്ധം ഉണ്ടാക്കിയ ദീപക് ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കി. 29 ന് വൈകുന്നേരം ഹൊസങ്കടി ടൗണില്‍ പോയി വരാമെന്നു സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് പോയതായിരുന്നു.ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചുവെങ്കിലും പൂട്ടിയ നിലയിലായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം കര്‍ണാടക സിദ്ധാപുരം സ്വദേശിയും നേരത്തെ പൂജയ്ക്ക് എത്തുകയും ചെയ്തിരുന്ന ശ്രീധരഭട്ടിനെ ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തി പൂജയ്ക്കായി ശ്രീ കോവില്‍ തുറന്നു.
അകത്തു കയറിയ ശ്രീധരഭട്ട് ദേവീ വിഗ്രഹത്തില്‍ പുതിയ ആഭരണങ്ങള്‍ ചാര്‍ത്തിയ നിലയില്‍ കണ്ടെത്തി. ദേവിക്ക് പുതിയ മാലവാങ്ങിച്ചോയെന്നു ക്ഷേത്ര ഭാരവാഹികളോട് ആരാഞ്ഞപ്പോഴാണ് സംശയം തോന്നിയത്. സ്വര്‍ണപ്പണിക്കാരന്‍ പരിശോധന നടത്തിയപ്പോള്‍ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി. പൂജാരിയെ കണ്ടെത്താന്‍ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.

Test User: