മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.
സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.