യുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍. കേരളത്തിലെ 2000ലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് നാടണഞ്ഞത്. ഇവരില്‍ പകുതിയലധികം പേരും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. യുക്രെയിനിലേക്ക് തിരിച്ചുപോകാനാത്ത സ്ഥിതിയായതോടെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളില്‍ പലരും മറ്റു കോഴ്‌സുകള്‍ക്ക് ജോയിന്‍ ചെയ്തു. 2021 നവംബറിന് ശേഷം വിദേശ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്നവര്‍ക്ക് മറ്റിടങ്ങളിലേക്ക് പഠനം മാറ്റാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ(എന്‍.എം.സി) അനുമതിയില്ലാത്തതും തിരിച്ചടിയായി.
അതേസമയം, കഴിഞ്ഞ നവംബര്‍ 18ന് മുന്‍പ് പ്രവേശനം നേടിയവര്‍ക്ക് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലേക്ക് മാറാമെന്ന ഓപ്ഷനുണ്ട്. ഇതോടെ രണ്ടാംവര്‍ഷവിദ്യാര്‍ത്ഥികള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പഠിക്കാനാകും. എന്നാല്‍ യുക്രെയിനിലെ ഇതേ സിലബസും പരീക്ഷാരീതികളുമുള്ള യൂണിവേഴ്‌സിറ്റി കണ്ടെത്തുക ശ്രമകരമാണ്. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവിടത്തെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയെന്നതും പ്രതിസന്ധിയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂലതീരുമാനുണ്ടാകുന്നില്ലെന്ന് ആരോപണവും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. യുക്രൈനിലെ ചില യൂണിവേഴ്‌സിറ്റികള്‍ മറ്റുരാജ്യങ്ങളില്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ കമ്മീഷനെ മറികടന്ന് പഠിച്ചാല്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയെഴുതാനോ ഇന്ത്യയില്‍ ജോലിചെയ്യാനോ കഴിയില്ലെന്ന അവസ്ഥയുണ്ട്. അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും യാതൊരു അവസരവുമില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികമായി ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളിലേക്ക് തുടര്‍പഠനത്തിന് ഓപ്ഷനില്ലാത്തതും തിരിച്ചടിയാണ്. നിലവില്‍ യുക്രെയിനിലെ ചില യൂണിവേഴ്‌സിറ്റിയില്‍ ഓഫ്‌ലൈന്‍ ക്ലാസ് ആരംഭിച്ചിട്ടുണ്ട്. തിരിച്ചുവരാന്‍ കോളജില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പോകാന്‍ കടമ്പകള്‍ ഏറെയാണെന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ആറാംവര്‍ഷ വിദ്യാര്‍ത്ഥി മിസ്ഹബ് പറയുന്നു.
മോള്‍ഡോവ, റൊമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലേക്ക് വിസയെടുത്ത് അവിടെനിന്ന് യുക്രൈനിലേക്ക് പോകാമെന്ന സാഹചര്യമുണ്ട്. അല്‍പം ബുദ്ധിമുട്ടുള്ളതാണ് ഇതെങ്കിലും മറ്റുമാര്‍ഗമില്ലെന്ന് മിസ്ഹബ് പറയുന്നു. ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കുകയോ മറ്റുരാജ്യങ്ങളുമായി ആശയവിനിമയം നടത്തി പ്രവേശനത്തിന് അനുമതി നല്‍കുകയോ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നില്ല. ആശങ്കയെതുടര്‍ന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്താഴ്ച വിധിവരാനിരിക്കുകയാണ്. കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.