‘നിങ്ങളെ ബോധ്യം ആരു പരിഗണിക്കുന്നു. നിങ്ങള്‍ക്ക് എന്താണോ ചെയ്യാനുള്ളത് അതു ചെയ്യ്. ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ല.’ വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്‌ലിംലീഗിന് എതിരെയുള്ള വെല്ലുവിളി മുഖ്യമന്ത്രി പദവിക്ക് ചേരാത്തത്. പ്രതിപക്ഷത്തെ രണ്ടാമത്തെ പ്രബല കക്ഷിയെ ഗൗനിക്കില്ലെന്ന ധാര്‍ഷ്ട്യ വിളംബരം ജനാധിപത്യത്തോടുളള വെല്ലുവിളിയാണ്. വഖഫ് ബില്ല് മൂന്ന് പ്രാവശ്യം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോഴും എതിര്‍പ്പുമായും സബ്ജക്ട് കമ്മിറ്റിയില്‍ വിയോജന കുറിപ്പെഴുതിയും പ്രതിരോധിച്ച മുസ്‌ലിം ലീഗിന്റെ ബോധ്യം വൈകിയെങ്കിലും അംഗീകരിക്കേണ്ടി വന്നതിലെ ജാള്യതയാണ് പിണറായി വിജയന്റെ ആക്രോശങ്ങളില്‍ പ്രതിഫലിച്ചത്.
വഖഫ് വിഷയത്തില്‍ മുസ്‌ലിം സംഘടനകളുമായി ചര്‍ച്ച തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മുസ്‌ലിംലീഗ് മതസംഘടനയാണോ എന്നാണ് ചോദ്യം ഉന്നയിച്ചത്. പിന്നീട് ലീഗ് രാഷ്ട്രീയ സംഘടനയാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍, നിയമ സഭയില്‍ നിയമ നിര്‍മ്മാണം നടത്തിയ മുസ്‌ലിം വിഭാഗം വിശുദ്ധിയോടെ കാണുന്ന വഖഫിനെ തകര്‍ക്കാര്‍ ശ്രമിച്ചത് വെറും മതകാര്യമാണെന്ന് പറയുന്നതിലെ യുക്തിയും പരിഹാസ്യമാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ച് നിയമസഭയില്‍ ബില്ല് കൊണ്ട് വന്ന് വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്നതില്‍ രാഷ്ട്രീയമില്ലെന്നും അത്തരം നിയമ നിര്‍മ്മാണങ്ങളില്‍ 15 എം.എല്‍.എമാരുള്ള മുസ്‌ലിംലീഗ് എന്തു പറഞ്ഞാലും കേള്‍ക്കില്ലെന്നും ധാര്‍ഷ്ട്യം പറയുന്ന പിണറായി വിജയന്‍ വെറും ഏകാധിപതിയായി തരം താഴുകയായിരുന്നു.
ടി.കെ ഹംസ ചെയര്‍മാനായ ശേഷം മുതവല്ലി പ്രതിനിധികളുടെ എതിര്‍പ്പ് പരിഗണിക്കാതെ 2020ല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നിയമം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ച് മറുപടി നല്‍കുന്നതിനു മുമ്പ് ഇതു സംബന്ധിച്ച് പിണറായി സര്‍ക്കാര്‍ രണ്ട് ഓഡിനന്‍സുകളാണ് പുറത്തിറക്കിയത്.
എന്നിട്ടും, സര്‍ക്കാറിന് ഇതിലൊരു റോളുമില്ലെന്ന് സമസ്ത നേതാക്കളുടെ മുഖത്തു നോക്കി കളളം പറഞ്ഞതിന്റെ മനസാക്ഷിക്കുത്തും പിണറായിയുടെ വാക്കുകളില്‍ പ്രകടമാണ്. വഖഫ് കയ്യേറ്റ നിയമം പിന്‍വലിച്ച് നിയമസഭയില്‍ പുതിയ ബില്ല് കൊണ്ടു വന്ന് പാസ്സാക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മുസ്‌ലിംലീഗ് നിലപാട്. വഖഫ് സംരക്ഷണ മഹാ റാലിയില്‍ തല്‍പര കക്ഷികള്‍ നുഴഞ്ഞുകയറി വിവിധ മതസംഘടനാ നേതാക്കളെ തെറിവിളിച്ച് പ്രചരിപ്പിച്ച് നെഗറ്റീവ് പ്രചാരണം നടത്താനുളള ശ്രമം മുസ്‌ലിംലീഗ് ജാഗ്രതയില്‍ പാളിയിരുന്നു. മുസ്‌ലിംലീഗ് വിരോധം മുഖമുദ്രയാക്കിയ ചില മാധ്യമങ്ങള്‍ തലകുത്തിനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടും ഓന്നോ രണ്ടോ പ്രവര്‍ത്തകര്‍ എഴുതി നല്‍കാത്ത മുദ്രാവാക്യം വിളിച്ചത് ഉടന്‍ തന്നെ വളണ്ടിയേഴ്‌സ് തടഞ്ഞിരുന്നു. ഇതു പ്രചരിപ്പിച്ച്‌സമ്മേളനത്തിന്റെ നിറം കെടുത്താനുള്ള പ്രചാരണങ്ങളും സജീവമാണ്.