വാറൻറി കഴിയുന്നതിന് മുമ്പ് ഫ്രിഡ്ജിനുണ്ടായ തകരാർ പരിഹരിച്ചുനൽകുന്നതിൽ വിൽപ്പനക്കാരനുണ്ടായ വീഴ്ചയ്ക്ക് 68800 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ (കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസ്സൽ കമ്മിഷൻ) വിധി. എടപ്പാൾ ഉദിനിക്കരയിലെ രാധാകൃഷ്ണൻ എടപ്പാളിലെ ക്ലാസികോ ഹോം സെന്റർ, വേൾ പൂൾ ഇന്ത്യ ലിമിറ്റഡ് എന്നിവർക്കെതിരേ നൽകിയ പരാതിയിലാണ് നടപടി.
2020 ജൂൺ എട്ടിന് രാധാകൃഷ്ണൻ 16,800 രൂപ നൽകി വേൾപൂൾ റഫ്രിജറേറ്റർ പത്തു വർഷത്തെ വാറന്റിയോടെ വാങ്ങിയിരുന്നു. 2022 ഫെബ്രുവരിയിൽ ഇത് കേടായപ്പോൾ കടയിൽ വിളിച്ചുപറഞ്ഞെങ്കിലും നാലാഴ്ച കഴിഞ്ഞാണ് കമ്പനിയുടെ ടെക്നീഷ്യനാണെന്ന് പറഞ്ഞ് ഒരാൾ വന്നത്. തിരിച്ചറിയൽ രേഖ ചോദിച്ചെങ്കിലും നൽകാതെ ഇദ്ദേഹം ഫ്രിഡ്ജിന്റെ കംപ്രസർ കേടാണെന്നു പറഞ്ഞ് അതു മാറ്റിവെച്ചെങ്കിലും ഗുണമേന്മയില്ലാത്ത മറ്റേതോ കമ്പനിയുടേതായിരുന്നുവെന്ന് പരാതിയിൽ.
എന്നാൽ 2023 മാർച്ചിൽ വീണ്ടും റഫ്രിജറേറ്റർ കേടുവന്നതോടെ കമ്പനിയുടെ ടെക്നീഷ്യൻ വന്നു നടത്തിയ പരിശോധനയിൽ നേരത്തെ വെച്ച കംപ്രസർ തങ്ങളുടെ കമ്പനിയുടേതല്ലെന്ന് പറയുകയായിരുന്നു. സാധനത്തിന്റെ വിലയും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവുമാവശ്യപ്പെട്ട പരാതിയിൽ സാധനത്തിന്റെ വില കൂടാതെ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവുമടക്കം 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നാണ് വിധി. വൈകുന്നതിനനുസരിച്ച് 12 ശതമാനം പലിശയും നൽകണം. പണം നൽകുന്നതോടെ റഫ്രിജറേറ്റർ കടക്കാർക്ക് തിരികെ നൽകണം.