X

പതിനാലുകാരി ഗര്‍ഭിണിയായ സംഭവം; കള്ളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവ് ജയിലില്‍ കിടന്നത് 3 മാസം, ഡി.എന്‍.എ ഫലം വന്നപ്പോള്‍ നിരപരാധി

പോക്‌സോ കേസില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. യുവാവിന്റെ നിയമപോരാട്ടത്തെത്തുടര്‍ന്ന് യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാല്‍ ഇ.എം.വിനീതി (24)നെയാണ് ഡി.എന്‍.എ ഫലം വന്നപ്പോള്‍ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്.

2019 ഒക്ടോബര്‍ 14നാണ് വിനീതിന്റെ ജീവിതം മാറിമറിയുന്നത്വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയില്‍ വന്ന പതിനാലുകാരി 4 മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെണ്‍കുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയില്‍ എത്തിച്ചുവെന്ന് വിനീത് പറയുന്നു.

പെണ്‍കുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാല്‍, പീഡിപ്പിച്ചത് വിനീതാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്നുപറഞ്ഞ് പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്തു. വിനീത് 6 തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതിനിടെ ഡി.എന്‍.എ ഫലം വന്നു.

പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. തന്റെ അര്‍ദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിമാറ്റി. അര്‍ദ്ധസഹോദരന്‍ ജയിലിലായി. ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞിന്റെ അച്ഛന്‍ ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാല്‍, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാല്‍ ഇയാള്‍ ഇപ്പോഴും ജയിലിലാണ്.

കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡി.എന്‍.എ. പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്. സര്‍ക്കാരില്‍നിന്നും കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍നിന്നും നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു. അഭിഭാഷകരായ ജോബി ജോര്‍ജ്, ജെയിംസ് കാപ്പന്‍, ബൈജു ബാലകൃഷ്ണന്‍ എന്നിവരാണ് വിനീതിനുവേണ്ടി കോടതിയില്‍ ഹാജരായത്.

webdesk13: