വിരലില്‍ എണ്ണുന്നത് പോലെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീണതോടെ സൗത്ത് ആഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. 18ന് ഒന്ന്, 23ന് രണ്ട്, 24ന് മൂന്ന്, 38ന് നാല്, 67ന് അഞ്ച്, ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. 400 എന്ന കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ജയം 229 റണ്‍സിനായിരുന്നു. 22 ഓവറില്‍ എല്ലാ ഇംഗ്ലീഷുകാരും ഡ്രസിങ് റൂമിലെത്തി.
ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ ഇംഗ്ലണ്ടിന് പിന്നാക്കം പോകേണ്ടി വന്നു. 43 റണ്‍സെടുത്ത ഓല്‍ റൗണ്ടര്‍ മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഗസ് അതിക്‌സണ്‍ 35 റണ്‍സെടുത്തു. ഇരുവരും എട്ടാം വിക്കറ്റില്‍ സ്ഥാപിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് അല്‍പമെങ്കിലും ആശ്വാസമായത്. റീസി ടോപ്ലി എന്ന പത്താമന്‍ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനെത്തിയില്ല.
84ന് ഏഴ് എന്ന തകര്‍ന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 170ല്‍ എത്തിയത്. ഗെറാല്‍ഡ് കോയിറ്റ്‌സെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിഡി മാര്‍ക്കോ ജാനേസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.