X

വിദേശ സര്‍വകലാശാല: ആശയക്കുഴപ്പത്തില്‍ ഇടതുപക്ഷം

ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയ തോതില്‍ സ്വകാര്യ നിക്ഷേപവും വിദേശ സ്വകാര്യ മൂലധനവും കൊണ്ടുവരുന്നതിനും വിദേശ സര്‍വകലാശാല കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനമുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇടതുപക്ഷത്തും ആശയക്കുഴപ്പങ്ങള്‍ ഏറെ.

വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും അതിനായി ശ്രമം നടത്തുമെന്നും സര്‍ക്കാര്‍ ബജറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റ പുതിയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് നവ- ഉദാരീകരണ നയങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കുകാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാമെന്നാണ് ബജറ്റ് നല്‍കുന്ന സൂചന. അതേസമയം, സി.പി.എം പൊളിറ്റ് ബ്യാറോ 2023-ല്‍ മുന്നോട്ടുവെച്ച നിലപാടിന്റെ ലംഘനമാണ് ഇപ്പോഴത്തെ തീരുമാമെന്ന വിമര്‍ശനം ശക്തമാവുകയാണ്.

വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ഒരു കൂട്ടം ഉപരിവര്‍ഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നായിരുന്നു പി.ബി ചൂണ്ടിക്കാണിച്ചത്. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തെ അതിനിശിതമായിട്ടാണ് പി.ബി വിമര്‍ശിച്ചത്.

ഏകപക്ഷീയമായ ഈ നീക്കത്തില്‍ നിന്ന് യു.ജി.സിയെയും കേന്ദ്ര സര്‍ക്കാരിനേയും പിന്തിരിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ, ദേശസ്‌നേഹശക്തികളും രംഗത്തിറങ്ങണമെന്നായിരുന്നു പി.ബിയുടെ പ്രസ്താവന. പൊളിറ്റ് ബ്യാറോ പറഞ്ഞതാണോ കേരളം പ്രഖ്യാപിച്ചതാണോ യഥാര്‍ഥ നിലപാടെന്ന് മനസിലാക്കാന്‍ കഴിയാതെ ഇടതു സഹയാത്രികരായ ബുദ്ധജീവികളും ഇരുട്ടില്‍ തപ്പുകയാണ്.

അതേസമയം, ബജറ്റില്‍ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ തെരുവില്‍ വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെതിരെ സംമരം ചെയ്തവാരാരും ഇടതു സര്‍ക്കാരിന്റെ നയം മാറ്റം അറിഞ്ഞില്ല. തുറന്ന സംവാദങ്ങള്‍ക്കൊപ്പം ഇട നല്‍കാതെയാണ് ബജറ്റില്‍ പുതിയ നയം പ്രഖ്യാപിച്ചത്. അതിനാല്‍, സി.പി.എം കേന്ദ്ര കമ്മിറ്റി നിലപാടിനെ ഉറ്റുനോക്കുകയാണ് ഇടത് ചിന്തകര്‍. ഈ വിഷയം വരുംദിനങ്ങളില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 

webdesk13: