X

വിദേശ സർവകലാശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണം; പരിഹാസവുമായി കെഎസ്‌യു

വിദേശ സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ.എസ്.യു. വിദേശ സര്‍വകലാശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണമെന്നും പുഷ്പന്റെ പേരില്‍ ഒരു ചെയര്‍ ആരംഭിക്കുക കൂടി ചെയ്യണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ക്കുന്നതിനു വേണ്ടിയുള്ള ഡീലാണ് വിദേശ സര്‍വ്വകലാശാലയുടെ വരവ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്ന് കെ.എസ്.യു പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

വിദേശ സര്‍വകലാശാലയുടെ വരവിനെ കെ.എസ്.യു വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. നിലവില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകര്‍ച്ചയും അതിരൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണ്. ഇവ പരിഹരിക്കുന്നതിന് യാതൊരു വിധ നിര്‍ദ്ദേശങ്ങളോ നടപടികളോ എടുക്കാതെ, വിദേശ സര്‍വകലാശാലയുടെ വരവിനെപ്പറ്റി പരാമര്‍ശിക്കുന്നതില്‍ ദുരൂഹതയുണ്ട്.

വിദേശ സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ തന്നോടൊപ്പം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആക്കിയ, വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും അല്ലാത്തപക്ഷം അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ സ്വയം രാജിവെക്കാന്‍ തയാറാകണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

കെ.എസ്.യു എല്ലാ കാലത്തും വിദ്യാഭ്യാസ മേഖലയിലെ അനിവാര്യമായ മാറ്റങ്ങളെയും പുരോഗമന കാഴ്ച്ചപ്പാടുകളെയും സ്വാഗതം ചെയ്ത പ്രസ്ഥാനമാണെന്നും ഇടതുപക്ഷത്തിന്റെ നയവ്യതിയാനത്തില്‍ കുറഞ്ഞ പക്ഷം പിണറായി വിജയന്‍ എസ്.എഫ്.ഐയെ കൊണ്ട് ടി പി ശ്രീനിവാസനോട് മാപ്പ് പറയിപ്പിക്കാന്‍ എങ്കിലും തയ്യാറാവണമെന്നും വാര്‍ത്താ കുറിപ്പിലൂടെ കെ.എസ്.യു ആവശ്യപ്പെട്ടു.

webdesk13: