X

ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞെത്തി ഹോട്ടലില്‍ പരിശോധന, പണവും വാങ്ങി ഭക്ഷണവും കഴിച്ചു; 47കാരന്‍ പിടിയില്‍

ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞ് കടകളില്‍നിന്ന് പണം പിരിച്ച കൊല്ലം പത്തനാപുരം പാതരിക്കല്‍ ഇടത്തറ തച്ചന്‍കോട് പുത്തന്‍വീട്ടില്‍ താമസിച്ചുവരുന്ന പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി മനു മുഹരാജ് (47) കളമശ്ശേരി പോലീസിന്റെ പിടിയിലായി. ഇടപ്പള്ളി ടോള്‍ ജങ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ടാക്‌സി കാറില്‍ എത്തിയ ഇയാള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആണെന്നു പറഞ്ഞ് ഹോട്ടലിലെ പാചകമുറിയും ഭക്ഷണവും മറ്റും പരിശോധിച്ചു.

പാചകമുറിയുടെ അവസ്ഥ മോശമാണെന്നും ഈ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി. ഹോട്ടലുടമയോട് പണം തന്നാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് പറഞ്ഞു. ഭയന്ന ഹോട്ടലുകാര്‍ പണം കൊടുത്തു. പണം കൈപ്പറ്റിയ ശേഷം ഭക്ഷണവും കഴിച്ചാണ് ഇയാള്‍ സ്ഥലംവിട്ടത്. പിന്നീട് ഒരു ബേക്കറിയില്‍ എത്തി അവിടെയും സേഫ്റ്റി ഓഫീസര്‍ ചമഞ്ഞുള്ള നാടകം അരങ്ങേറി.

ഇയാള്‍ വന്ന ടാക്‌സിയുടെ പണം കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബേക്കറി ജീവനക്കാരന്‍ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും കള്ളി വെളിച്ചത്താകുമെന്നു കണ്ട് ഇയാള്‍ കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയുമായിരുന്നു. തട്ടിപ്പിനിരയായ ഹോട്ടലുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പോലീസ് ഇയാളെ പത്തനാപുരത്തു വെച്ച് പിടികൂടുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി സമ്മതിച്ചു. യുവതിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

webdesk13: