മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിന് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇതുവരെ 1,342,351 തീര്‍ഥാടകര്‍ കര-നാവിക വ്യോമ തുറമുഖങ്ങള്‍ വഴി എത്തിച്ചേര്‍ന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങള്‍ വഴി 1,280,240 തീര്‍ഥാടകരാണ് എത്തിച്ചേര്‍ന്നത്. കരമാര്‍ഗം വഴി 57,463 തീര്‍ഥാടകരും, കടല്‍ മാര്‍ഗം 4,648 പേരുമാണ് എത്തിച്ചേര്‍ന്നത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷം പേരാണ് പങ്കെടുക്കുക. തീര്‍ഥാടകര്‍ക്ക് ആത്മീയ അന്തരീക്ഷത്തില്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് മന്ത്രാലയം പറഞ്ഞു.
ഈ വര്‍ഷത്തെ തീര്‍ഥാടനം സുരക്ഷിതമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തീര്‍ഥാടകരെ സഹായിക്കാന്‍ ആയിരക്കണക്കിന് ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും വിന്യസിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി ഹജ്ജ് സീസണില്‍ 32,000 പേരടങ്ങുന്ന മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറഫാത്തില്‍ 46ഉം , മിനയില്‍ 26ഉം, പുണ്യസ്ഥലങ്ങളിലെ കാല്‍നട-റോഡുകളില്‍ ആറും, ജമാറാത്തില്‍ 16ഉം ഉള്‍പ്പെടെ 32 ആശുപത്രികളും 140-ലധികം ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ടെന്നും ആരോഗ്യ ഡെപ്യൂട്ടി മന്ത്രി ഹാനി ജോഖ്ദാര്‍ പറഞ്ഞു.