X

കെടുകാര്യസ്ഥതയുടെ മഹാപ്രളയം-എഡിറ്റോറിയല്‍

അഴിമതിയുടെയും ക്രമക്കേടുകളുടെയും കാര്യക്ഷമതയില്ലായ്മയുടെയും സ്വജനപക്ഷപാതത്തിന്റെയും ഈജിയന്‍തൊഴുത്തായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് നൂറു ശതമാനം വിളംബരംചെയ്യുന്ന ഔദ്യോഗിക റിപ്പോര്‍ട്ടാണ് കേരളനിയമസഭയുടെ മേശപ്പുറത്ത് സമ്മേളനം അവസാനിക്കുന്ന ദിവസം നോക്കി വ്യാഴാഴ്ച സര്‍ക്കാര്‍വെച്ചത്. ഒരു ഭരണകൂടത്തിന് എത്രകണ്ട് തരംതാഴാമെന്നതിന് ഒന്നാംതരം തെളിവാണിത്. 2014-19 വര്‍ഷത്തെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ ഭരണനിര്‍വഹണരംഗത്തും പ്രത്യേകിച്ച് ധനകാര്യരംഗത്തും വലിയ പാളിച്ചകളാണ് പിണറായി സര്‍ക്കാരിന ്‌സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തിയിരിക്കുന്നത.് 2018ലെ മഹാപ്രളയം കൈകാര്യംചെയ്തതില്‍ ഭരണകൂടത്തിന് പറ്റിയ ഗുരുതര വീഴ്ചകളും അക്കമിട്ട് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മാത്രമല്ല, കേരള ജനതയുടെ നടുവൊടിക്കുംവിധം സംസ്ഥാനത്തെ വന്‍ കടക്കെണിയിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തവും ഈ സര്‍ക്കാരിനുമേലാണ് സി.എ.ജി ചുമത്തിയിരിക്കുന്നത്. 2018ലെ മഹാപ്രളയത്തിന് കാരണം കാലാവസ്ഥാവ്യതിയാനമാണെന്ന് സ്ഥാപിക്കാനാണ് പിണറായി സര്‍ക്കാരും ഇടതുപക്ഷവും ഇക്കാലമത്രയും ശ്രമിച്ചുകൊണ്ടിരിക്കുന്നത.് അണക്കെട്ടുകള്‍ പൊടുന്നനെ തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന് ഹൈക്കോടതി നിയോഗിച്ച അമികസ് ക്യൂറിയും പ്രതിപക്ഷവും അന്ന് ചൂണ്ടിക്കാട്ടിയതാണ്. അതിനുപുറമെയാണ് സി.എ.ജിയുടെ റിപ്പോര്‍ട്ട്. മഹാപ്രളയത്തിന്് കാരണം അണക്കെട്ടുകളുടെ പരിപാലനവും നിയന്ത്രണവും തെറ്റിയതും മഴമാപിനി, ഭൂപടം അടക്കമുള്ള സംവിധാനങ്ങളൊരുക്കുന്നതില്‍ സംഭവിച്ച വീഴ്ചയുമാണെന്നാണ്‌സി.എ.ജി കുറ്റപ്പെടുത്തുന്നത.് ‘കേരളത്തിലെ പ്രളയത്തിന്റെ ഒരുക്കവും പ്രതികരണവും’ എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ ദേശീയ ജലനയത്തിന് അനുസൃതമായി സംസ്ഥാന ജലനയം പുനരാവിഷ്‌കരിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ പ്രളയബാധ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തുന്നതിലും സര്‍ക്കാരിന് വന്‍ വീഴ്ച സംഭവിച്ചു. പ്രളയബാധിത പ്രദേശങ്ങളുടേതായി പ്രത്യേക നിയമനിര്‍മാണം നടത്തിയില്ല, പ്രളയദുരന്ത ഭൂപടങ്ങള്‍ തയ്യാറാക്കണമെന്ന നിര്‍ദേശം പാലിച്ചില്ല, ജലവിഭവവികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയില്ല, സംസ്ഥാന ജല അതോറിറ്റി രൂപീകരിച്ചില്ല, പെരിയാര്‍ തീരത്ത് കുറഞ്ഞത് 32 മഴമാപിനി സ്ഥാപിക്കേണ്ടിടത്ത് സ്ഥാപിച്ചത് ആകെ ആറെണ്ണം മാത്രം, നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള കനാല്‍ നിര്‍മിച്ചില്ല തുടങ്ങിയ ഗുരുതര വീഴ്ചകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിനേക്കാളൊക്കെ ഗുരുതരമായതാണ് മറ്റൊരു ആരോപണമായി സര്‍ക്കാരിനും ജനങ്ങള്‍ക്കുംമുന്നില്‍ സി.എ.ജി വെച്ചിരിക്കുന്നത്. പ്രളയത്തില്‍ മനുഷ്യജീവനുകളും സ്വത്തുക്കളും ഒറ്റയടിക്കാണ് നഷ്ടപ്പെടുകയെങ്കില്‍, ജനങ്ങളെ ആകെ പടിപടിയായി കടക്കെണിയിലാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കടക്കെണിക്ക് മുഖ്യകാരണം പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിവരുന്ന കിഫ്ബി പദ്ധതിയാണ്. ബജറ്റിനുപുറത്ത് ആരോടും ഉത്തരവാദിത്തമില്ലാത്ത രീതിയിലുള്ള കടമെടുപ്പ് ഭാവിയില്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഗുരുതര ഭവിഷ്യത്താണ് വരുത്താന്‍പോകുന്നത്. ഏറ്റവും പുതുതായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍മാത്രം 1,930,04 കോടിയുടെ ബജറ്റേതര വായ്പയാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇതിനുപുറമെയാണ് സര്‍ക്കാര്‍ രൂപീകരിച്ച കെ.എസ്.എസ്.പി.എല്‍ വഴി 6,843.65 കോടിയുടെ കടബാധ്യതയെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാനുസൃതമായി സ്റ്റേറ്റിന്റെ കടമെടുപ്പ് നിയമസഭ അറിഞ്ഞിരിക്കണമെന്നിരിക്കെ അതുപോലുമില്ലാതെയാണ് ശതകോടികളുടെ ഋണബാധ്യത ജനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്നതെന്നാണ് ഭരണഘടനാസ്ഥാപനമായ സി.എ.ജി കുറ്റപ്പെടുത്തുന്നത്. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ‘ബജറ്റേതര കടമെടുപ്പ് ബജറ്റിലെ വെളിപ്പെടുത്തല്‍ രേഖയിലും അക്കൗണ്ടിലും, നിയമസഭയുടെ അംഗീകാരത്തിലുമില്ലാത്തതാണ്’ എന്നാണ്‌സി.എ.ജി കുറ്റപ്പെടുത്തുന്നത്. നിയമസഭ അറിഞ്ഞിട്ടുണ്ടെന്ന മുട്ടാപ്പോക്ക് മറുപടിയാണ് അതിന് ധനകാര്യമന്ത്രി നല്‍കുന്നത്. സഭയിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകളാകും മന്ത്രി ഉദ്ദേശിച്ചത്. ജനങ്ങളെ ദുരിതത്തിലും കടക്കെണിയിലുമാക്കുക മാത്രമല്ല, അവരെ പച്ചയ്ക്ക് കബളിപ്പിക്കല്‍കൂടിയാണിത്. ഇതേച്ചൊല്ലി കഴിഞ്ഞ ധനകാര്യമന്ത്രി ഡോ. തോമസ്‌ഐസക്കും സി.എ.ജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതാണ്. എന്നിട്ടുപോലും കടമെടുപ്പില്‍ സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ല. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന അതേദിവസം തന്നെയാണ് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചരേഖയില്‍, കെ.റെയിലിന്റെ കടബാധ്യത സ്വയം ഏറ്റെടുക്കാമെന്ന് പറഞ്ഞിരിക്കുന്നത്. പദ്ധതിയുടെ 64,000 കോടി രൂപയില്‍ 33,700 കോടിയാണ് വിദേശ വായ്പയായി സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നതത്രെ. നിലവില്‍തന്നെ വരുമാനത്തില്‍ കവിഞ്ഞ ചെലവും വലിയ മുതല്‍-പലിശ ബാധ്യതയും സംസ്ഥാനം നേരിടുമ്പോഴാണ് പ്രതിപക്ഷത്തിന്റെയും വിദഗ്ധരുടെയുമൊക്കെ വിമര്‍ശം തള്ളിക്കളഞ്ഞുകൊണ്ടുള്ള കെ.റെയിലിലെ മുന്നോട്ടുപോക്ക്. കാട്ടിലെ തടി, തേവരുടെ ആന എന്നതുമാത്രമാണ് പിണറായിസര്‍ക്കാരിന്റെ ഏകനയം. എന്തുചെയ്താലും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പാവങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഖജനാവില്‍നിന്ന് സൗജന്യമെന്ന പേരില്‍ ഭക്ഷ്യകിറ്റും പെന്‍ഷനും നല്‍കിയാല്‍ തിരിച്ചുവരാമെന്ന ധാര്‍ഷ്ട്യം മാത്രമാണിതിനൊക്കെ പിന്നില്‍.

 

Test User: