ഇംഫാല്‍: മണിപ്പൂരില്‍ രണ്ടു മാസത്തിലധികമായി തുടരുന്ന വംശീയ കലാപം വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളേയും ഭീതിയിലാക്കുന്നു. കലാപം മറ്റു സം്സഥാനങ്ങളിലേക്കും പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് അസമും മിസോറാമും അടക്കമുള്ള സംസ്ഥാനങ്ങള്‍.
കലാപത്തെതുടര്‍ന്നും അല്ലാതെയും മിസോറാമിലേക്ക് കുടിയേറിയ മെയ്തി ജനവിഭാഗത്തിനു നേരെ ചില തീവ്ര സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയതാണ് ആശങ്കക്ക് കാരണം. എത്രയും വേഗം നാടു വിട്ടു പോകണമെന്ന ഭീഷണിക്കു പിന്നാലെ മിസോറാമില്‍ നിന്ന് മെയ്തികള്‍ കൂട്ടത്തോടെ പലായനത്തിന് ഒരുങ്ങുന്നതായി വിവരമുണ്ട്. മിസോറാമിലുള്ള മെയ്തികളെ വിമാന മാര്‍ഗം മണിപ്പൂരില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാറും വ്യക്തമാക്കി.
വംശീയ കലാപത്തിനിടെ മെയ് നാലിന് രണ്ട് കുക്കി വനിതകളെ മെയ്തി വിഭാഗത്തില്‍ പെട്ട ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് മെയ്തികള്‍ക്കെതിരെ മിസോറാമില്‍ ഭീഷണി ഉയര്‍ന്നത്. മിസോറാമിലെ ഗോത്രമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില തീവ്ര സംഘടനകളാണ് ഭീഷണിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മെയ്തികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും അവര്‍ മടങ്ങിപ്പോകേണ്ടതില്ലെന്നും മിസോറാം സര്‍ക്കാര്‍ വ്യക്തമാക്കി. മെയ്തി വിഭാഗക്കാരുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയതായും സുരക്ഷ ഉറപ്പു നല്‍കിയതായും മിസോറാം ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
1500ലധികം മെയ്തികളാണ് മിസോറാം തലസ്ഥാനമായ ഐസ്വാള്‍ കേന്ദ്രീകരിച്ച് മാത്രം കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗവും ബസ് മാര്‍ഗവും മറ്റും ഇവിടം വിടാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.കലാപം മറ്റു സംസ്ഥാനങ്ങളിലേക്ക് പടരുമെന്ന് എന്‍.ഡി.എ സഖ്യ കക്ഷികള്‍ തന്നെ നേരത്തെ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ മെയ്തികളുടെ കണക്കെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി മിസോ സ്റ്റുഡന്റ്സ് യൂണയിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച ചെയ്താണ് തീരുമാനം. ആയിരക്കണക്കിന് കുക്കി -സോമിസ് വംശജരും മിസോറാമില്‍ അഭയം തേടിയിട്ടുണ്ട്. മിസോറാമിലെ മിസോസ് വംശജരും മണിപ്പൂരിലെ കുക്കി -സോമികളും തമ്മില്‍ ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ട്. അതുകൊണ്ടുതന്നെ മിസോസ് വംശജര്‍ സംഘടിതമായാണ് കുക്കികള്‍ക്ക് അഭയം നല്‍കുന്നത്.