കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്. ഉംറ തീര്‍ഥാടകരുള്‍പ്പെടെ 250ഓളം യാത്രക്കാരുമായി പുറപ്പെട്ട വിമാനം റിയാദിലിറക്കിയതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. .
ഇന്നലെ രാത്രി 9.10നാണ് കരിപ്പൂരില്‍നിന്ന് വിമാനം പുറപ്പെട്ടത്. സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീര്‍ഥാടകരും ജിദ്ദയില്‍ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കുമെന്നും ലഭ്യമായ വിമാനങ്ങളിലും ബസ് മാര്‍ഗവും ഇവരെ ജിദ്ദയിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.