X

വൈക്കത്ത് നിന്നുയര്‍ന്നത് സാമൂഹ്യമാറ്റത്തിന്റെ ജ്വാല

ഫിര്‍ദൗസ് കായല്‍പ്പുറം 

മധ്യതിരുവിതാംകൂറില്‍ വേമ്പനാട്ടുകായലിന്റെ കിഴക്കേക്കരയില്‍ നിന്ന് ജാതിവാദത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റ്, അത് ആളിപ്പടര്‍ന്ന് സാമൂഹ്യമാറ്റത്തിന്റെ നവോത്ഥാന ജ്വാലയായി മാറി. വൈക്കം സത്യഗ്രഹം. ചരിത്രത്തില്‍ സമാനതകളിലാത്ത ആ പോരാട്ടത്തിന് ഇന്ന് നൂറുവയസ്. ചരിത്രപുസ്തകങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന വൈക്കം സത്യഗ്രഹം ഒരു കാലഘട്ടത്തിലെ തിന്മകളെ പൊളിച്ചെഴുതുകയായിരുന്നു.

1924 മാര്‍ച്ച് 30 തുടങ്ങി 603 ദിവസം നീണ്ടുനിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം.

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സത്യഗ്രഹത്തിന് ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനം നിര്‍ത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവര്‍ത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തില്‍ അയിത്തോച്ചാടന വിഷയത്തില്‍ ദേശവ്യാപകമായ നടപടികള്‍ വേണമെന്ന ഒരു പ്രമേയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് അന്നത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തത്.

കോണ്‍ഗ്രസ് നേതാവ് ടി.കെ മാധവനായിരുന്നു സമരനായകന്‍. അദ്ദേഹത്തിനൊപ്പം കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, ബാരിസ്റ്റര്‍ എ.കെ പിള്ള തുടങ്ങിയവരും മുന്‍നിരയില്‍ നിന്നു. സവര്‍ണ ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് യാത്ര നിഷേധിക്കുകയും അയിത്തം, തീണ്ടല്‍ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും കൊടികുത്തി വാഴുകയും ചെയ്ത കാലത്ത് ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ വിത്താണ് അന്ന് വൈക്കത്ത് പാകിയത്.

നമ്പൂതിരി, ക്ഷത്രിയര്‍, നായര്‍, നസ്രാണികള്‍, ഈഴവര്‍, എഴുത്തച്ഛന്‍, വിശ്വകര്‍മജര്‍, നാടാര്‍, അരയര്‍, പുലയര്‍, പാണര്‍ തുടങ്ങിയവര്‍ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തിയിരുന്നു. തീണ്ടല്‍ എന്നാല്‍ ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയാകുന്ന കീഴ്ജാതിക്കാരെ മര്‍ദ്ദിക്കാനും ശിക്ഷിക്കാനും മേല്‍ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളില്‍ ഈഴവര്‍ക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളില്‍ ഈഴവര്‍ക്കും സവര്‍ണരായവര്‍ പോകുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവര്‍ണ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരെയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവ സമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവര്‍ക്കിടയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്കൊരു സംഘടിതസമര ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനമുണ്ടാകുന്നത്. നാരായണഗുരു ധാര്‍മിക പിന്തുണ നല്‍കി. കുമാരനാശാനാകട്ടെ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നല്‍കി. എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം.
ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലുള്ള വഴികളില്‍ മാത്രം പ്രവേശനം നേടാന്‍ കഴിഞ്ഞതുകൊണ്ട്, അവര്‍ണജനതക്ക് സത്യാഗ്രഹത്തില്‍ നിന്നു സിദ്ധിച്ച വിജയം ഭാഗികം ആയിരുന്നു എന്നൊരു പക്ഷമുണ്ട്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി അവര്‍ക്ക് തുറന്നു കിട്ടിയില്ല. ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്താനുള്ള അവകാശമാകട്ടെ അവര്‍ക്ക് പൂര്‍ണമായും നിരോധിതമായി തുടരുകയും ചെയ്തു. ആ അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ണര്‍ക്ക് പിന്നെയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടിവന്നു- 1936ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം വരെ. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വഴികളിലും പ്രവേശനത്തിന് അവകാശമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമാകട്ടെ, സത്യഗ്രഹത്തെ തുടര്‍ന്ന് കിഴക്കുഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

 

webdesk11: