സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ നഗരിയിലെത്തുന്ന പതിനായിരങ്ങളുടെ മനം കവരുകയാണ് ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം. പരാഗ് പന്തീരങ്കാവ് എന്ന കെ എസ് ഇ ബി ജീവനക്കാരനാണ് ഈ കൊടിമരത്തിന്റെ സ്രഷ്ടാവ്.
കല്ലായി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാനായ പരാഗ് ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് 20 അടി ഉയരത്തില്‍ ഗിറ്റാര്‍ കൊടിമരം നിര്‍മ്മിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് കലാമൂല്യമുള്ള കൊടിമരം തീര്‍ക്കണം എന്ന ആശയമായിരുന്നു ഗിറ്റാര്‍ രൂപം തെരഞ്ഞെടുക്കാന്‍ പരാഗിനുണ്ടായ പ്രേരണ.
ചാരുതയാര്‍ന്ന നിരവധി ശില്‍പ്പങ്ങളും ചിത്രങ്ങളും സൃഷ്ടിച്ചുകൊണ്ട് നേരത്തെ തന്നെ ശ്രദ്ധേയനാണ് പരാഗ്. നാടകങ്ങളുടെ കലാസംവിധായകനെന്ന നിലയിലും മികവ് തെളിയിച്ചിട്ടുണ്ട്.