ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2.27 കോടി പേരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ഷാംലി, ഹാപൂര്‍, ഗൗതംബുദ്ധ നഗര്‍, മുസഫര്‍ നഗര്‍, മീററ്റ്, ഭഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലീഗഡ്, മഥുര, ആഗ്ര എന്നീ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.
ജാട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പശ്ചിമ യു.പിയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി 50,000 പാരാമിലിറ്ററിക്കാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികള്‍ പൊലീസ് ഇതിനോടകം തന്നെ അടച്ചു.
ഇത്തവണത്തെ നിയമസഭാ ഫലം നിശ്ചയിക്കുന്നതില്‍ പടിഞ്ഞാറന്‍ യു.പി അതീവ നിര്‍ണായകമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ആദിത്യനാഥ് മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ബി.ജെ.പിയും എസ്.പി-ആര്‍. എല്‍.ഡി സഖ്യവും തമ്മിലാണ് ആദ്യഘട്ടത്തില്‍ പോരാട്ടമെങ്കിലും പടിഞ്ഞാറന്‍ യു.പിയില്‍ ബി.എസ്.പിക്കും ചില സീറ്റുകളില്‍ സ്വാധീനമുണ്ട്.
മുസഫര്‍ നഗര്‍ കലാപാനന്തരം നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 58ല്‍ 53 സീറ്റുകളും ബി.ജെ.പിയാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും രണ്ട് സീറ്റുകള്‍ വീതവും ഒരിടത്ത് ആര്‍.എല്‍.ഡിയുമാണ് വിജയിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെതിരായ കര്‍ഷക പ്രക്ഷോഭം ജാട്ടുകളെ ബി.ജെ.പിയില്‍ നിന്നും അകറ്റിയത് ആര്‍.എല്‍. ഡി-എസ്.പി സഖ്യത്തിന് നേട്ടമായേക്കും. ഇത് സംഭവിച്ചാല്‍ ഇത്തവണ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവാനാണ് സാധ്യത. മുസഫര്‍ നഗര്‍ കലാപാനന്തരം ജാട്ട്-മുസ്്‌ലിം സഖ്യത്തിലെ വിള്ളല്‍ കാരണം ജാട്ട് വോട്ടുകള്‍ പൂര്‍ണമായും ബി.ജെ.പിയിലെത്തിയതാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് അനുഗ്രഹമായതെങ്കില്‍ ഇത്തവണ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമിടിച്ചു കയറ്റി കൂട്ടക്കുരുതി നടത്തിയതടക്കം ജാട്ടുകളെ ബി.ജെ.പിയില്‍ നിന്നും അകറ്റിയിട്ടുണ്ട്.
മേഖലയില്‍ ജനസംഖ്യയുടെ 15 ശതമാനം വരുന്ന ജാട്ടുകള്‍ 35 സീറ്റുകളില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ച മേഖലയിലെ ഗ്രാമങ്ങളിലെല്ലാം ബി.ജെ.പി കര്‍ഷക വിരുദ്ധ സംഘടനയാണെന്ന സന്ദേശം ഇതിനോടകം എത്തിച്ചിട്ടുണ്ട്.
കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത് ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിന്റെ കാരണവും മറ്റൊന്നല്ല. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനപാലനവും അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തിയെന്നതും ചൂണ്ടിക്കാട്ടിയാണ് മോദിയടക്കം പ്രചാരണം നടത്തിയത്. അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‌വാദി പാര്‍ട്ടി
ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ലെങ്കിലും പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ വീട് കയറിയുള്ള പ്രചാരണമടക്കം നടത്തി കോണ്‍ഗ്രസും പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നു. ഒടുവിലെത്തിയ ബിഎസ്പി ക്യാമ്പില്‍ കാര്യമായ ആത്മവിശ്വാസം പ്രകടമല്ല താനും.