കടലമ്മ കനിഞ്ഞില്ല, ചാകരക്കോളില്ലാതെ ട്രോളിംഗ് ആദ്യ ദിനം. 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കടന്നുകിട്ടിയതിന്റെ ആശ്വാസത്തില്‍ കടലിലിറങ്ങിയ തൊഴിലാളികള്‍ നിരാശരായി മടങ്ങി. കോഴിക്കോട് 300 ഓളം ചെറുതും വലുതുമായ യന്ത്രവല്‍കൃത ബോട്ടുകളും, വള്ളങ്ങളും ഇന്നലെ പുലര്‍ച്ച തന്നെ ചാകരക്കോളും തേടി കടലിലേക്ക് കുതിച്ചിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും മത്സ്യം നിറച്ച ഒരു ചെറു ബോട്ട് പോലും തീരത്തടുത്തില്ല.
സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളില്‍ 10മുതല്‍ 20 ടണ്ണോളം കിളിമീന്‍ നിറഞ്ഞ ബോട്ടുകള്‍ തീരം തൊടാറുണ്ട്. എന്നാല്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങളിലൊന്നും മത്സ്യം നിറച്ച ഒരു ബോട്ടും പോലും തീരത്തെത്താതിരുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തി. അതേ സമയം അര്‍ദ്ധരാത്രി പുറപ്പെട്ട വലിയ ബോട്ടുകളൊക്കെ തിരികെയെത്താന്‍ ദിവസങ്ങളെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതിലാണ് അവരുടെ പ്രതീക്ഷയും.