കണ്ണൂര്‍: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിനുള്ള ആദ്യ സംഘം മെയ് 31ന് സൗഊദിയില്‍ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബദുല്ലക്കുട്ടി. ഇത്തവണ ഒരുക്കങ്ങള്‍ക്ക് സമയം കുറവാണെന്നും അദ്ദേഹം കണ്ണൂരില്‍ മീറ്റ്് ദി പ്രസില്‍ പറഞ്ഞു.
ഹജ്ജിന് ഇത്തവണയും കര്‍ശന നിയന്ത്രണം ഉണ്ട്. രാജ്യത്ത് മുന്‍ വര്‍ഷങ്ങളില്‍ 21 ഹജ്ജ് എംപാര്‍ക്കേഷനുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ 10 ആയി കുറച്ചു. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശത്ത് നിന്നുള്ളവര്‍ കൊച്ചി വിമാനത്താവളം വഴിയാണ് യാത്ര പുറപ്പെടേണ്ടത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ ഇത്തവണ വന്‍ കുറവുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 17000ത്തോളം അപേക്ഷകരുണ്ട്. സംസ്ഥാനത്തിന്റെ ക്വാട്ട 5600 ആണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷകര്‍ കുറഞ്ഞാല്‍ 6000 ആയി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ക്വാട്ടയില്‍ ഏകദേശം 3.32 ലക്ഷം രൂപയായിരിക്കും നിരക്ക്. ഭക്ഷണം, പാര്‍പ്പിടം മറ്റു സൗകര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്വകാര്യ ഏജന്‍സികള്‍ തോന്നുംപോലെ നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കും. അടുത്ത വര്‍ഷത്തോടെ ഇതിനു സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കോഴിക്കോടിനെ അവഗണിച്ച് കണ്ണൂരില്‍ എംപാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കാനാവില്ല. എങ്കിലും അടുത്ത വര്‍ഷം മലബാറില്‍ എംപാര്‍ക്കേഷന്‍ ഉണ്ടാവും. ഹജ്ജ് ഒരുക്കത്തിന് മുമ്പ് മൂന്ന്,നാല് മാസം ലഭിക്കാറുണ്ട്.
എന്നാല്‍, ഇത്തവണ ഒരു മാസമാണ് ലഭിക്കുക. ഹജ്ജ് പരിശീലനം മെയ് ആറ് മുതല്‍ ആരംഭിക്കേണ്ടതുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷ കേരളത്തില്‍ നിന്നാണ്. യു.പിയില്‍ നിന്നും മഹാരാഷ്ടയില്‍ നിന്ന് അപേക്ഷകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.