നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളം ഹജ്ജ് കര്‍മത്തിന് തിരിച്ച ഹാജിമാരുടെ ആദ്യ സംഘം നാളെ മടങ്ങിയെത്തും. രാവിലെ പത്ത് മണിക്ക് ഹാജിമാരുമായി സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശേരിയിലെത്തും. ആദ്യ വിമാനത്തിലെത്തുന്ന ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരവേല്‍ക്കും. 404 ഹാജിമാരാണ് മടങ്ങിയെത്തുന്ന ആദ്യ സംഘത്തില്‍ ഉണ്ടാകുക.
ഇതില്‍ 208 പേര്‍ പുരുഷന്മാരും 196 സ്ത്രീകളുമാണ്. മലയാളികള്‍ക്ക് പുറമെ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഹജ്ജ് കര്‍മത്തിന് യാത്ര തിരിക്കുമ്പോള്‍ ഇതേ വിമാനത്തില്‍ 405 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ഖത്തറിലേക്ക് പോയി. നെടുമ്പാശേരി വിമാനത്താവളം വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 2841 ഹാജിമാരാണ് ഇക്കുറി ഹജ്ജ് കര്‍മ്മത്തിനായി യാത്ര തിരിച്ചത്. ബാക്കിയുള്ള ഹാജിമാര്‍ തൊട്ടടുത്ത ദിവസങ്ങളിലായി മടങ്ങിയെത്തും. ഹാജിമാരുടെ മടക്ക യാത്രക്കായി ഏഴ് വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മടങ്ങിയെത്തുന്ന ഹാജിമാരുടെ സഹായത്തിനായി പ്രത്യേകം വളണ്ടിയര്‍മാരെയും വിമാനത്താവളത്തില്‍ നിയോഗിക്കും.
ഓരോ ഹാജിമാര്‍ക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെളളം വിമാനത്താവളത്തില്‍ വച്ച് വിതരണം ചെയ്യും. ഇതിന് ആവശ്യമായ സംസം ബോട്ടിലുകള്‍ ഇതിനകം തന്നെ നെടുമ്പാശേരിയില്‍ എത്തിച്ച് വിമാനത്താവളത്തില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്. ഹാജിമാരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ ചുമതലയുള്ള സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അറിയിച്ചു.