ഫിഫ ലോകകപ്പ് 2022 തന്റെ അവസാനകളിയാണെന്നും ഡിസംബര്‍ 18ന് നടക്കുന്ന ഫൈനലിന് ശേഷം വിരമിക്കുമെന്നും ലയണല്‍ മെസ്സി. അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്,’ അര്‍ജന്റീനിയന്‍ മാധ്യമ സ്ഥാപനമായ ഡയറിയോ ഡിപോര്‍ട്ടീവോ ഒലെയോട് മെസ്സി വ്യക്തമാക്കി. അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ അത് പൂര്‍ത്തിയാക്കുന്നതാണ് നല്ല തീരുമാനമെന്നു തോന്നുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച അരങ്ങേറിയ സെമിയില്‍ ക്രൊയേഷ്യയെ 3-0ന് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍ ഇടം നേടി. ഞായറാഴ്ച ഖത്തറില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ഫ്രാന്‍സാണോ മൊറോക്കോയാണോ എന്ന് ഇന്ന് വ്യക്തമാകും. ഇതില്‍ ഏതുരാജ്യം ഫൈനലില്‍ എത്തിയാലും അവരുമായി ഏറ്റുമുട്ടുന്നത് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നാണ് അര്‍ജന്റീന താരം ലയണല്‍ മെസിയുടെ വെളിപ്പെടുത്തല്‍. 1986 ന് ശേഷം അര്‍ജന്റീനയിലേക്ക് ആദ്യമായി ലോകകപ്പ് കിരീടം എത്തുമെന്ന വിശ്വസത്തിലാണ് അര്‍ജന്റീനയുടെ ആരാധകര്‍.
ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും നാലു ലോകകപ്പുകള്‍ എന്ന നേട്ടത്തെ മറികടന്നാണ് 35കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്. ഖത്തറിലെ തന്റെ അഞ്ചാം ഗോളോടെ 11 തവണ അദ്ദേഹം ലോകകപ്പ് മൈതാനത്ത് വലകുലുക്കി, ലോകകപ്പിലെ ഏറ്റവും മികച്ച അര്‍ജന്റീനീയന്‍ ഗോള്‍വേട്ടക്കാരനായ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയും മെസി ഗോള്‍ നേട്ടത്തില്‍ മറികടന്നു.
‘റിക്കോര്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാം നന്നായിട്ടുണ്ട്, എന്നാല്‍ ഗ്രൂപ്പ് ലക്ഷ്യം കൈവരിക്കാന്‍ കഴിയുക എന്നതാണ് പ്രധാന കാര്യം. ഞങ്ങളെല്ലാം ഒരുമിച്ച് പ്രയത്‌നിക്കുന്നതും അതുതന്നെയാണ് മെസി കൂട്ടിച്ചേര്‍ത്തു.ലക്ഷ്യത്തിലേക്ക് തങ്ങള്‍ ഒരു പടി മാത്രം അകലെയാണെന്നും ഇതുവരെ കഠിനമായി പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അത് സാധ്യമാക്കാന്‍ ഞങ്ങള്‍ എല്ലാം നല്‍കുമെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.