തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.
നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.
കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.