X

കുട്ടനാട്ടിലെ പാടങ്ങള്‍ കണ്ണീര്‍ പാടങ്ങളായി മാറിയിരിക്കുകയാണ്: വിഡി സതീശന്‍

കുട്ടനാട്ടിലെ പാടങ്ങള്‍ കണ്ണീര്‍ പാടങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേനല്‍ മഴ ഇത്രമാത്രം ദുരന്തമാണ് വിതച്ചതെങ്കില്‍ വരാനിരിക്കുന്ന മണ്‍സൂണ്‍ കാലത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കുട്ടനാട്ടുകാര്‍ക്കെന്ന് അദ്ദേഹം പറഞ്ഞു. വട്ടിപ്പലിശയ്‌ക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ്  കര്‍ഷകര്‍ കൃഷിക്കുള്ള പണം കണ്ടെത്തിയിരിക്കുന്നത്. വിള ഇന്‍ഷുറന്‍സില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ചേരാന്‍ സാധിച്ചിട്ടുള്ളൂ. ഇതിലൂടെ തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കുട്ടനാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെ ഗൗരവത്തോടെ നിയമസഭയില്‍ അവതരിപ്പിച്ചതാണ്. അന്ന് കൃഷി, ജല വിഭവ വകുപ്പ് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടേത് ഉള്‍പ്പെടെ ഒരു പദ്ധതി പോലും കുട്ടനാട്ടില്‍ നടപ്പാക്കിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായൊരു പദ്ധതിയാണ് കുട്ടനാടിന് ആവശ്യം. കടലും കുട്ടനാടും തമ്മില്‍ കൂടുതല്‍ അടുക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പൂര്‍ണമായ അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്നും നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടും കുട്ടനാട്ടിലെ പാവങ്ങളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.

ജനവാസമേഖലകളെല്ലാം വെള്ളത്തിനടിയിലാണ്. കുട്ടനാട്ടുകാര്‍ പലായനം ചെയ്യുന്ന അവസ്ഥയിലാണ്. കര്‍ഷക ആത്മഹത്യയെ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മും സി.പി.ഐയും ലാഘവത്തോടെയാണ് കാണുന്നത്. എല്ലാ അനുകൂല്യങ്ങളും നല്‍കിയിട്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് സി.പി.എം മുഖപത്രം പറയുന്നത്. എന്ത് സഹായമാണ് ഈ സര്‍ക്കാര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് നല്‍കിയതെന്ന് വിഡി സതീശന്‍ ചോദിച്ചു. കൃത്യ സമയത്ത് കൃഷിയിറക്കാനോ കൊയ്യാനോ സാധിക്കുന്നില്ല. നെല്ലറയായ കുട്ടനാട്ടിലെ ആറ് കൃഷി ഓഫീസുകളില്‍ ഓഫീസര്‍മാരില്ല. പിന്നെ എന്ത് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.  വെള്ളം കയറുന്നത് തടയാന്‍ പുറം ബണ്ട് ശക്തിപ്പെടുത്തണം. കുട്ടനാട് താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യവും സര്‍ക്കാര്‍ മനസിലാക്കണം. സമഗ്രമായ പദ്ധതികളാണ് കുട്ടനാടിന് ആവശ്യമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ പ്രാചീനമായ അറിവും ശാസ്ത്രീയമായ അറിവുകളും യോജിപ്പിച്ചാണ് കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകുന്നത്. കുട്ടനാട്ടില്‍ ഉണ്ടായിരിക്കുന്ന മാറ്റം മാത്രം പരിശോധിച്ചാല്‍ കാലാവസ്ഥാ വ്യതിയാനം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയിരിക്കുന്ന ദുരന്തങ്ങള്‍ എന്താണെന്നു മനസിലാകും. അത് കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പുതിയ വികസനവുമായി വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സന്തുലിതമായ വികസനമാണ് കേരളത്തിനു വേണ്ടത്. യു.ഡി.എഫിന്റെ ഈ പ്രഖ്യാപിത വികസന കാഴ്ചപ്പാടിന് അടിവരയിടുന്നതാണ്, വേനല്‍ മഴയില്‍ കുട്ടനാട്ടിലുണ്ടായ ദുരന്തമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പരിഹാരമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കും. ദുരന്തത്തിനിരയായ കര്‍ഷകരുടെ കേടായ നെല്ല് സര്‍ക്കാര്‍ തന്നെ സംഭരിച്ച് പണം നല്‍കാന്‍ തയാറാകണം. ഇത്തവണ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടുത്ത തവണ അവര്‍ എങ്ങനെ കൃഷിയിറക്കുമെന്ന് വിഡി സതീശന്‍ ചോദിച്ചു. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കര്‍ഷകരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നടപടിയുമായി പ്രതിപക്ഷം മുന്നോട്ടു പോകും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രം കാണാനല്ല യു.ഡി.എഫ് നേതാക്കള്‍ വന്നതെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്ക് കുട്ടനാട് നിന്നും തുടക്കം കുറിക്കുമെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

Test User: