X

വടക്കന്‍ ഗ്രാമീണരുടെ ആത്മവിചാരങ്ങള്‍ അഥവാ പ്രകൃതിയെക്കുറിച്ചുള്ള വേദനകള്‍  

വായന/അശ്‌റഫ് തൂണേരി

”രേഖപ്പെടുത്തപ്പെട്ടില്ലെങ്കില്‍ വിസ്മൃതമായേക്കാവുന്ന ഗ്രാമീണ ജീവിതങ്ങളും സമുദായിക സ്വഭാവങ്ങളും എഴുതി പരിപാലിക്കുകയാണ് എഴുത്തുകാരന്റെ മുഖ്യഉത്തരവാദിത്വം..”

കിതാബ് മഹല്‍ എന്ന എം.എ റഹ്മാന്റെ കഥാ സമാഹാരത്തെ എഴുത്തുകാരന്‍ അജയ് പി മങ്ങാട്ട് ഇങ്ങിനെ വിലയിരുത്തിയിട്ടുണ്ട്. തന്റെ ജീവിതം മുഴുക്കെ പ്രകൃതിക്കു വേണ്ടിയുള്ള സമരമായി രൂപപ്പെടുത്തിയ റഹ്മാന്‍ മാസ്റ്റര്‍ കാസര്‍ക്കോടന്‍ നാട്ടിടവഴികളിലൂടെ നടക്കുകയാണ് കിതാബ് മഹലിലൂടെ. താളുകള്‍ മറിക്കുമ്പോള്‍ ഗള്‍ഫ് കുടിയേറ്റവും പുഴയധിഷ്ഠിതമായ ജീവിതവും തെയ്യവും സൂഫിസവും വിപ്ലവവും സമ്മിശ്രമായ ഗ്രാമീണാവിഷ്‌കാരം പല കൈവഴികളിലേക്കിറങ്ങുന്നുണ്ട്.  

13 കഥകളാണ് കിതാബ് മഹലില്‍ കാസര്‍ക്കാടന്‍ ഗ്രാമ്യഭാഷയില്‍ അടുക്കിവെച്ചിരിക്കുന്നത്. പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) എന്ന കൗതുകകരമായ തലക്കെട്ടുള്ള കഥയില്‍ തുടങ്ങി കിതാബ് മഹല്‍ എന്ന രചനയില്‍ അവസാനിക്കുകയാണ് ഈ സമാഹാരം. ജനാബ് പള്ളിക്കുഞ്ഞി ഒരു വിചാരണ, ഉമ്മ, ശേഖുപ്പാപ്പയുടെ കിണര്‍, കഞ്ചു, മീശക്കാരന്‍ എളയ, പോയ്‌സണ്‍, കള്ളന്‍, പൗരാവകാശം, പ്രിയപ്പെട്ട മോഷ്ടാവ്, മായാപ്പദവ്, ചുവന്ന ഉറുമാല്‍ എന്നീ കഥകളും ഡി.സി പ്രസിദ്ധീകരിച്ച 125 പുറങ്ങള്‍ മാത്രമുള്ള ഈ പുസ്തകത്തിലുണ്ട്.

ഗള്‍ഫ് പ്രവാസം അടങ്ങാത്ത ആവേശമായി കൊണ്ടുനടന്നിരുന്ന എഴുപതുകളുടെ സാമൂഹിക വിചാരങ്ങള്‍, ആശങ്കകള്‍ എല്ലാം പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) പറയുന്നുണ്ട്.   ജനബ് പള്ളിക്കുഞ്ഞി ഒരു വിചാരണ എന്ന കഥ എഴുത്തുകാരന്‍ സ്വയം വിചാരണ ചെയ്യുന്നതായി നമുക്കനുഭവപ്പെടും. സര്‍ഗ്ഗാത്മക ജീവിതം കൊണ്ടെന്തുകാര്യമെന്ന ചോദ്യം ചോദിക്കുന്ന ഈ കഥ ജൈവികമായ ചര്യകളേയും ഇടപാടുകളേയും പോലും  തീവ്രവാദം ചാര്‍ത്തിയും വ്യാജ കേസെടുത്തും ഭരണകൂടം ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നതും സൂക്ഷ്മമായി എടുത്തുകാട്ടുന്നുണ്ട്. കഥയെഴുത്തു കൊണ്ട് ഒരു കാര്യവുമില്ലെന്ന് പള്ളിക്കുഞ്ഞിയുടെ സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നുണ്ട്. കഥയെഴുത്ത് ഒരു ക്രൂരതയാണെന്നാണ് ലോട്ടറി വില്‍പ്പനക്കാരനായ സഹദേവന്റെ വാദം. ”ബി.എ പാസ്സായിട്ടും ഞാന്‍ തെങ്ങില്‍ കേറിയും ചുമടെടുത്തും  ചെങ്കല്ല് കൊത്തിയും ജീവിതത്തെ നേരിട്ടു. മൂത്തുനരച്ച് ആവതില്ലാതെ വന്നപ്പോഴാണ് ഭാഗ്യക്കുറി ടിക്കറ്റുമായി തെരുവിലേക്കിറങ്ങിയത്. നീ വളരെ ക്രൂരനാണ്. ഇമ്മാതിരി കഥാപാത്രങ്ങളെ ഉണ്ടാക്കി, ലോകത്തിന്റെ ഭാരം മുഴുവന്‍ ചുമപ്പിക്കും.” പള്ളിക്കുഞ്ഞി എന്ന കഥാപാത്രത്തെ ഉണ്ടാക്കിയതിനെതിരേയുള്ള സഹദേവന്റെ പ്രതിഷേധമായിരുന്നു അത്.

ഏറെ ധര്‍മ്മ സങ്കടങ്ങള്‍ പേറുന്ന ഈ ആന്ത്രപ്പോളജി എം.എക്കാരന്‍ പള്ളിക്കുഞ്ഞി എഴുത്തുകാരന്‍ തന്നെയാണ് എന്ന് നമുക്ക് ഇരുകഥകളുടേയും വായന വെളിപ്പെടുത്തിത്തരുന്നുമുണ്ട്. നാട്ടിന്‍പുറത്തെ സ്‌കൂളിലെ കഞ്ഞിവെപ്പുകാരിയാണ് ഉമ്മ എന്ന കഥയില്‍ പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെ സ്‌നേഹനിധിയായി മാറുന്ന നിരക്ഷരയായ, കുട്ടികളോടൊപ്പം രഹസ്യമായി അക്ഷരം പഠിക്കുന്ന ആ ഉമ്മയെ ഹൃദ്യമായി വരച്ചുകാണിക്കുകയാണ്.  മായാപ്പദവ് എന്ന കഥ വൃക്ഷങ്ങളുടേയും പൂക്കുളുടേയും പൂമ്പാറ്റകളുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദവ എന്ന പെണ്‍കുട്ടിയിലൂടെ ആശിക്കുന്നത് കാണാം. കഥാകൃത്ത് പറയുന്നത് നോക്കുക: ”ഇത്രയും കാലം ഉറങ്ങിപ്പോയ ഈ വൃക്ഷങ്ങളുടെ റിപ്പബ്ലിക്കിലെ ഓരോ വൃക്ഷവും ജീവന്‍ വീണ്ടെടുത്തിരിക്കുന്നു. കരിമരുതും കരിനൊച്ചിയും കാഞ്ഞിരവും അലനെല്ലിയും മഹാഗണിയും ചന്ദനവും മരുതും ചെറുമരുതും വെള്ളമരുതും വെണ്‍തേക്കും ഇരുമുള്ളും മുള്ളന്‍പ്ലാവും ആലവും വെയിലില്‍ വെട്ടിത്തിളങ്ങുന്ന തളിരിലകള്‍ ചൂടി ജ്വലിച്ചുനില്‍ക്കുന്നു…”

 ഈ കഥയിലെ ഗാളിമുഖം എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളുടെ ‘മരണമുഖ’ മായി വായനക്കാരനെ ദു:ഖത്തിലാഴ്ത്തുന്നുണ്ട്.
ഉസ്താദിന്റേയും അദ്ദേഹത്തെ ആശ്രയിച്ചുനില്‍ക്കുന്നവരുടേയും ജീവിതക്ലേശം പത്തുകിതാബിന്റെ താളുകളിലൂടെ അറിയുകയാണ് കിതാബ് മഹല്‍ എന്ന കഥ. ശേഖുപ്പാപ്പയുടെ കിണര്‍ എന്ന കഥ ഗ്രാമത്തിലെ ജലസംഭരണി ഇല്ലാതാവുന്ന വേദന പങ്കുവെക്കുമ്പോള്‍ വിദ്യാലയ മുറ്റത്തെ കരയുന്ന കുഞ്ഞുങ്ങളുടേയും അയല്‍സംസ്ഥാനത്തെ തൊഴിലാളികളുടേയും വൈകാരിക അനുഭവങ്ങളെ പല അടരുകളിലായി അത് രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിലെ വനിതാവിമോചക പ്രവര്‍ത്തകയും ഒറ്റത്തടിയായി  ആരേയും കൂസാതെ ജീവിക്കുന്ന  നാട്ടിന്‍പുറത്തുകാരിയുമാണ്  ‘കഞ്ചു’  എന്ന കഥയിലെ നായിക. സിങ്കപ്പൂര്‍ക്കാരന്റെ അതിശയം മീശക്കാരന്‍ എളയ പങ്കുവെക്കുമ്പോള്‍ വ്യവസ്ഥിതി മനുഷ്യനെ മാത്രമല്ല പ്രകൃതിയേയും എങ്ങിനെ കൊന്നുകളയുമെന്ന് പൗരാവകാശം എന്ന കഥ പറയുന്നു.

ചുരുക്കത്തില്‍  അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും  നാട്ടിടവഴികളും  ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട്  പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.

Test User: