X
    Categories: NewsWorld

പിണങ്ങിപ്പോയ ഭാര്യയെ തിരികെവരുത്താന്‍ പിതാവ് മൂന്നുമക്കളെ നടുറോഡില്‍ മുട്ടുകുത്തിനിര്‍ത്തിച്ചു

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വരുത്താന്‍ തന്റെ 3 മക്കളെ പിതാവ് തിരക്കേറിയ റോഡില്‍ മുട്ടുകുത്തിനിര്‍ത്തിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഫോഷന്‍ പ്രദേശത്താണ് സംഭവം നടന്നത്.

പട്രോളിംഗിനെത്തിയ പൊലീസുദ്യോഗസ്ഥനാണ് നടുറോഡില്‍ കുട്ടികള്‍ മുട്ടുകുത്തിനില്‍ക്കുന്ന കാഴ്ച കണ്ടത്. ഏഴ് വയസ്സിന് താഴെയാണ് കുട്ടികളുടെ പ്രായം. രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് കുട്ടികള്‍ മുട്ടുകുത്തിനിന്നിരുന്നത്. തൊട്ടടുത്തുള്ള പുല്‍ത്തകിടിയില്‍ ഇവരുടെ പിതാവായ ലിംഗ് ഇരിക്കുന്നുണ്ടായിരുന്നു.

ഉടന്‍ തന്നെ പൊലീസുദ്യോഗസ്ഥര്‍ കുട്ടികളെ റോഡില്‍ നിന്ന് മാറ്റി ലിംഗിന് താക്കീത് നല്‍കുകയും ചെയ്തു.  താനുമായി വഴക്കിട്ട് പോയ ഭാര്യയെ തിരികെ കൊണ്ടുവരാനാണ് കുട്ടികളെ വെച്ച് ഈ പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് ലിംഗ് പറഞ്ഞു. ഇതുകാണുമ്പോള്‍ ഭാര്യ തന്നോട് സംസാരിക്കുമെന്ന് കരുതിയെന്നും ഇയാള്‍ പറഞ്ഞു.

ലിംഗില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ അവരുടെ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. ലിംഗുമായി സംസാരിക്കാന്‍ അവര്‍ കൂട്ടാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഉപയോഗിച്ച് ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ ലിംഗ് മുതിര്‍ന്നത്.

അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ചിലര്‍ തങ്ങള്‍ക്കും തങ്ങളുടെ പിതാവില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയും ചെയ്തു.

’’ ലിംഗിനെപോലെയായിരുന്നു എന്റെ അച്ഛനും. എന്റെ കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും വിവാഹമോചനം വേണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. അന്ന് അമ്മയെ തിരികെ കൊണ്ടുവരാന്‍ അച്ഛന്‍ എന്നെ മുറിയിലിട്ട് പൂട്ടിയിരുന്നു,’’ ഒരാള്‍ കമന്റ് ചെയ്തു.

webdesk13: