X

മാര്‍ച്ച് പത്തിലെ വിഖ്യാത ഗാഥ-എഡിറ്റോറിയല്‍

ഇന്ന് മാര്‍ച്ച് 10. 75 വര്‍ഷം മുമ്പ് ഇത് പോലെ ഒരു മാര്‍ച്ച്പത്തിനായിരുന്നു ആ ചരിത്രം പിറന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്ന വലിയ പ്രസ്ഥാനത്തിന്റെ ജനനം. സ്വതന്ത്രാനന്തര രാഷ്ട്രീയ പ്രക്ഷുബ്ധതയില്‍ കത്തിയെരിയാനിരുന്ന ഒരു വേരുപടലത്തില്‍നിന്നാണ് മുസ്‌ലിം ലീഗ് കുരുത്തുയര്‍ന്നത്. പിരിച്ചുവിടലിന്റെ അവസാന മുനമ്പില്‍നിന്ന് പുരോഗതിയുടെ ഏണിപ്പടികള്‍ ചവിട്ടിക്കയറി ഇന്ത്യന്‍ ജനാധിപത്യ വിഹായസില്‍ ആ അര്‍ധ ചന്ദ്രാങ്കിത ഹരിത പതാക പാറിപ്പറന്നു തുടങ്ങിയിട്ട് 75 വര്‍ഷം പിന്നിടുകയാണ്. തീയില്‍ മുളച്ച്, മങ്ങാത്ത പച്ചപ്പോടെ പൊരിവെയിലുകള്‍ അനേകം താണ്ടി ഇന്ന് ചെന്നൈ രാജാജി ഹാളിലെ പ്ലാറ്റിനം ജൂബിലി വേദിയില്‍ മാത്രമല്ല, രാജ്യത്തുടനീളം പതാക ദിനത്തില്‍ അത് വര്‍ണശോഭയോടെ വെട്ടിത്തിളങ്ങുന്നു. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രവും അര്‍ത്ഥ വ്യാപ്തിയും ഉള്‍ക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആദര്‍ശ പ്രതീകമായി അത് നിലകൊള്ളുന്നു. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബില്‍നിന്ന് തുടങ്ങി നേതൃശൃംഖലയിലും അടിത്തട്ടിലും വിയര്‍പ്പൊഴുക്കിയ ജനലക്ഷങ്ങളുടെ ആദര്‍ശവും ചിന്തയും ചേര്‍ത്തെഴുതിയ മുദ്രാവാക്യങ്ങള്‍ നെഞ്ചേറ്റിയ രാജ്യത്തിന് മുന്നില്‍ മുസ്്‌ലിംലീഗിന്റെ ഹരിത പതാക യഥാര്‍ത്ഥത്തില്‍ പച്ചപ്പരവതാനിയായി മാറിക്കഴിഞ്ഞു.

കേവലമൊരു ന്യൂനപക്ഷ മേല്‍വിലാസത്തില്‍ മാത്രമൊതുങ്ങാതെ ഇന്ത്യന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ എവിടെയും മുസ്്‌ലിംലീഗ് ആദര്‍ശപരവും ഉത്തരവാദിത്തപൂര്‍ണവുമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. 75-ാം വാര്‍ഷികാഘോഷ വേളയില്‍ മുസ്്‌ലിംലീഗ് മറ്റേത് പ്രസ്ഥാനത്തേക്കാളും സജീവ ചര്‍ച്ചയാകുന്നതും അതുകൊണ്ടാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ രാഷ്ട്രീയ വന്മരങ്ങള്‍ പലതും കടപുഴകുമ്പോഴും താന്‍ വെള്ളമൊഴിച്ച് വാടാതെ നിലനിര്‍ത്തുന്ന കൊച്ചു ചെടി വരുംകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് തണലൊരുക്കി വടവൃക്ഷമായി നിലകൊള്ളുമെന്ന് ഖാഇദെമില്ലത്തിന് ഉള്‍ബോധനം ലഭിച്ചിട്ടുണ്ടാകണം. ഒരു സാമുദായിക സംഘടനയായി ഒതുങ്ങിയിരിക്കാതെ സാമൂഹിക, രാഷ്ട്രീയ കര്‍മമണ്ഡലങ്ങളിലൊക്കെയും മുസ്‌ലിംലീഗ് ഇടമുറപ്പിച്ചിട്ടുണ്ട്. വളര്‍ച്ചാപടവുകളില്‍ ഒരുപോലെ ക്രിയാത്മകവും സര്‍ഗാത്മകവുമായിരുന്നു പാര്‍ട്ടിയുടെ മുന്നേറ്റം. ബഹുസ്വര സമൂഹത്തില്‍ ഒരു രാഷ്ട്രീയ സംഘടന എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പഠിക്കേണ്ടിവരുമ്പോള്‍ രാജ്യം മുസ്‌ലിംലീഗിലേക്ക് മാത്രമാണ് ഉറ്റുനോക്കേണ്ടത്. സങ്കുചിത സാമുദായിക താല്‍പര്യങ്ങള്‍ ഒരുകാലത്തും പാര്‍ട്ടിയെ വഴിതെറ്റിച്ചിട്ടില്ല. പാര്‍ലമെന്റില്‍ മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി ശബ്ദദമുയര്‍ത്തിയ അതേ സ്വരത്തില്‍ പൊതുതാല്‍പര്യങ്ങള്‍ക്കുവേണ്ടിയും പാര്‍ട്ടി പടവെട്ടിയിട്ടുണ്ട്.

ഇത്രയും കാലം പാര്‍ട്ടി പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം ദീര്‍ഘവീക്ഷണത്തോടെയായിരുന്നു. വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ പക്വമായ ഇടപെടലുകളിലൂടെ ശത്രുക്കളെപ്പോലും മുസ്‌ലിംലീഗ് സ്തബ്ധരാക്കി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് വര്‍ഗീയ കലാപങ്ങള്‍ കത്തിയാളിയ നാളുകളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ വിവേകം രാജ്യം അനുഭവിച്ചറിഞ്ഞു. ആവേശത്തിനപ്പുറം രാഷ്ട്രീയാദര്‍ശങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കിയത്. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും മുസ്‌ലിംലീഗ് മാത്രമാണ് ശരിയെന്ന് പിന്നീട് തിരുത്തിയെഴുതപ്പെട്ടു.

ഇന്ന് പാര്‍ട്ടിക്കു മുന്നിലുള്ളത് ഇതുവരെയും നേരിടാത്ത വെല്ലുവിളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനയുടെ താഴ്‌വേരറുക്കാന്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ നിലയുറപ്പിക്കുകയും ചെയ്തിരിക്കുന്ന ഭീകരാന്തരീക്ഷത്തില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനുള്ള തന്ത്രങ്ങളാണ് മുസ്്‌ലിം ലീഗ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയിലെ രാജാജി ഹാളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ചിന്തകളും ആലോചനകളും ആ വഴിക്കാണ്. ചരിത്രത്തിന് ആവര്‍ത്തനങ്ങളുണ്ട്. 75 വര്‍ഷങ്ങള്‍ക്കുമുമ്പ് അരക്ഷിതമായ ദിനങ്ങളില്‍ പ്രതീക്ഷയുടെ പുതുലോകത്തേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ അതേ ചരിത്രനിയോഗം പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പാര്‍ട്ടിയുടെ ചുമലില്‍ വീണ്ടും എത്തിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ അമൂല്യ നിധിയായി കാത്തുസൂക്ഷിച്ചുപോന്നിരുന്ന മൗലിക മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും വീണ്ടെടുപ്പെന്ന ഭാരിച്ച ദൗത്യം. മതേതര ശക്തികളെ മുഴുവന്‍ അണിനിരത്തി ചരിത്രപരമായ ആ ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന ഉറച്ചവിശ്വാസത്തോടെയാണ് മുസ്‌ലിംലീഗ് രാജ്യത്തിന് മുന്നില്‍ നിവര്‍ന്നുനില്‍ക്കുന്നത്.

 

webdesk11: