X
    Categories: keralaNews

കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് നയാ പൈസയില്ല

വിദേശ രാജ്യങ്ങളില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച മലയാളികളെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭക്ക് വേണ്ടി പൊടിക്കുന്നത് മൂന്ന് കോടി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകളില്‍ പെടുത്തണമെന്ന് കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു വരുന്നതാണ്.

നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ക്രൂരമായ അവഗണന മാത്രം കാട്ടിയ സര്‍ക്കാറാണ് പ്രവാസികള്‍ക്ക് വേണ്ടിയെന്ന പേരില്‍ തട്ടിക്കൂട്ടുന്ന ലോക കേരള സഭയില്‍ ഭക്ഷണത്തിനും മറ്റുമായി കോടികള്‍ ചെലവിടുന്നത്. രണ്ട് ദിവസത്തെ ഭക്ഷണത്തിന് മാത്രമായി നോര്‍ക്ക 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് രണ്ട് ദിവസത്തെ ഭക്ഷണത്തിന് മൂവ്വായിരം രൂപ വീതം. 16 ന് കനകക്കുന്നില്‍ നടക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്കും തുടര്‍ന്ന് രണ്ട് ദിവസത്തെ ഗാനമേളക്കുമായി 40 ലക്ഷം. സര്‍ക്കാര്‍ ഔദ്യോഗിക ലിസ്റ്റില്‍ പെടുത്തിയാല്‍ ആകെ 230000 രൂപ കോവിഡില്‍ മരണപ്പെട്ട പ്രവാസിയുടെ ബന്ധുക്കള്‍ക്ക് ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്ക് അമ്പതിനായിരം രൂപ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാസത്തില്‍ 5000 വെച്ച് മൂന്ന് വര്‍ഷവും സഹായം നല്‍കുന്നു. അതായത് ആകെ ഒരു ലക്ഷത്തിയെണ്‍പതിനായിരം രൂപ. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സൂപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനവും വെറും വാക്കായി. ക്ഷേമ പെന്‍ഷന്‍ അയ്യായിരം രൂപയായി വര്‍ധിപ്പിക്കുമെന്ന് ഒന്നര വര്‍ഷം മുമ്പാണ് കഴിഞ്ഞ പിണറായി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ ബന്ധപ്പെട്ട ആരും പെന്‍ഷന്‍ വര്‍ധനയുടെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

Chandrika Web: