X

ഷിജുവിനെ മോചിപ്പിക്കാന്‍ ഇടപെടണം അഭ്യര്‍ത്ഥനയുമായി കുടുംബം പാണക്കാട്ട്‌

മലപ്പുറം: കൊലക്കുറ്റം ചുമത്തി യു.എ.ഇ ഫുജൈറ ഖല്‍ബ ജയിലില്‍ കഴിയുന്ന ഷിജുവിന്റെ മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം പാണക്കാട്ടെത്തി. കോഴിക്കോട് കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി ഷിജുവിന്റെ കുടുംബാംഗങ്ങളാണ് ഇന്നലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഒരു വര്‍ഷം മുമ്പ് നടന്ന തമിഴ്‌നാട് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷിജു ജയിലില്‍ കഴിയുന്നത്. ഷിജുവിന്റെ മോചനം വേഗത്തിലാക്കുന്നതിന് ദുബായിലും തമിഴ്‌നാട്ടിലും കെ.എം.സി. സി നേതാക്കളുമായും ഭരണാധികാരികളുമായും ഇടപെടണമെന്നഭ്യര്‍ത്ഥിച്ചാണ് ഷിജുവിന്റെ ഭാര്യ ലിഷയും നാല് കുട്ടികളും പിതാവ് ശങ്കരന്‍, മാതാവ് പത്മിനിയും സഹോദരിമാരും ഉള്‍പ്പെടെ സാദിഖലി തങ്ങളുടെ വീട്ടിലെത്തിയത്. രോഗിയായ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഏക അത്താണിയായ ഷിജുവിനെ രക്ഷപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്താമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബത്തെ അറിയിച്ചു. മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ കുടുംബവുമായി ബന്ധപ്പെടാമെന്നും തമിഴ്‌നാട്ടിലെ നേതാക്കളുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്നും തങ്ങള്‍ ഉറപ്പുനല്‍കി.

ദുബൈയില്‍ അല്‍ സുല്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കലില്‍ എ.സി മെക്കാനിക്കായി ആറ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ഷിജു. ജോലിസ്ഥലത്തെ പ്രവൃത്തി ചെയ്യുന്നതിനിടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എടുക്കാന്‍ വെയര്‍ ഹൗസില്‍ പോയിരുന്നു. തിരികെ വന്നപ്പോള്‍ കൂടെ പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാട് റാണിപ്പെട്ട സ്വദേശി അരവിന്ദന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതം എന്നാണ് രേഖപ്പെടുത്തിയതെങ്കിലും ഷിജുവിന്റെ കാരണത്താല്‍ ഷോക്കേറ്റ് മരണപ്പെട്ടതാണെന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കമ്പനിക്ക് ഇന്‍ഷൂറന്‍സ് ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെടുത്താനെന്ന വ്യാജേന ഷിജുവിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസിന്റെ കാര്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഒപ്പുവെപ്പിച്ച രേഖകള്‍ തന്റെ കുറ്റസമ്മത മൊഴിയായിരുന്നുവെന്ന് ഷിജു മനസിലാക്കുന്നത് പിന്നീടാണ്. ഇതേതുടര്‍ന്ന് ഒരു വര്‍ഷത്തോളമായി കേസ് നടത്തുകയും ഒരു മാസത്തോളമായി ജയിലില്‍ കഴിയുകയുമാണ് ഷിജു. യൂത്ത് ലീഗ് നേതാക്കള്‍ക്കൊപ്പമാണ് ഷിജുവിന്റെ കുടുംബം എത്തിയത്.

Test User: