ഒമ്പത് ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയില്‍. കോഴിക്കോട് അറസ്റ്റിലായ വ്യാജഡോക്ടര്‍ അബു എബ്രഹാം ലൂക്ക് ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. സെമസ്റ്റര്‍ പരീക്ഷ തോറ്റ അബു എബ്രഹാം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറിന്റെ മരുമകളും അബു എബ്രഹാമിന്റെ സഹപാഠിയുമായ മാളവികയാണ് ഇയാള്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.
തിരുവല്ല സ്വദേശിയായ അബു എബ്രഹാം ജോലി ചെയ്തിരുന്ന കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനോദ് കുമാര്‍. നെഞ്ചുവേദനയും ചുമയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് കുമാറിന് ശരിയായ ചികിത്സ ലഭിക്കാതെ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അബു എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ മകനും ഡോക്ടറുമായ അശ്വിനും മരുമകള്‍ മാളവികയും നടത്തിയ ഇടപെടലാണ് ഇയാള്‍ വ്യാജഡോക്ടറാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്.
മരിച്ച വിനോദ് കുമാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ബന്ധുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാളവികയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് അബു എബ്രഹാം ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അബു എബ്രഹാമിന്റെ പേര് കണ്ടതോടെ മാളവികയക്ക് സീനിയറായി പഠിച്ച അബു എബ്രഹാം തന്നെയാണോയെന്ന സംശയം തോന്നി. അന്വേഷണത്തില്‍ അയാള്‍ തന്നെയാണെന്ന് വ്യക്തമായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.