X

ബിനോയ് കോടിയേരിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെങ്ങനെ

 

ദുബായ് : വിവാദ പണമിടപാടു കേസില്‍ ബിനോയ് കോടിയേരിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് യുഎഇ പിന്തുടരുന്ന നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പ്രത്യേകതകള്‍ പഴുതാക്കിക്കൊണ്ട്. യുഎഇ നിയമപ്രകാരം, ചെക്ക് തട്ടിപ്പു കേസില്‍ രണ്ടു ഘട്ടമാണുള്ളത്. ആദ്യഘട്ടത്തില്‍ ചെക്ക് തട്ടിപ്പ് സംബന്ധിച്ച ക്രിമിനല്‍ കേസ്. ഈ ഘട്ടത്തില്‍ കേസു തീര്‍പ്പായാലും പരാതിക്കാരന് പണം തിരിച്ചുകിട്ടണമെങ്കില്‍ രണ്ടാം ഘട്ടമായ പ്രത്യേകം സിവില്‍ കേസ് ഫയല്‍ ചെയ്യേണ്ടതുണ്ട്. വേണമെങ്കില്‍ രണ്ടു കേസുകളും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകാം.

ബിനോയിയെ മനഃപൂര്‍വം പണം നല്‍കാത്തയാള്‍ എന്നു ദുബായിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രഖ്യാപിച്ചെന്നാണ് യുഎഇ പൗരന്‍ ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി സി.പി.എം കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ആരോപിച്ചത്. ഇതു കോടിയേരി ബാലകൃഷ്ണന്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. കാരണം, കോടതി ബിനോയിയെ ശിക്ഷിച്ചുകഴിഞ്ഞു. പ്രതി ചെയ്ത ക്രിമിനല്‍ കുറ്റത്തിനു മാത്രമാണു ക്രിമിനല്‍ നടപടിപ്രകാരമുള്ള ശിക്ഷ. അതിനാലാണ്, ചെക്ക് മടങ്ങിയതിനാല്‍ ലഭിക്കാതിരുന്ന പണത്തിനായി സിവില്‍ കേസ് നല്‍കേണ്ടി വരുന്നത്.

എന്നാല്‍ പണം നല്‍കേണ്ടയാള്‍ രാജ്യത്തില്ലെങ്കില്‍ കേസ് നടത്തിപ്പിനു പരാതിക്കാരനു മുന്നിലുള്ള സാധ്യതകള്‍ മങ്ങും. അതിനാലാണ്, ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തന്റെ അഭിഭാഷകന്‍ നിയമനടപടിയെടുക്കുന്നുവെന്ന് യുഎഇ പൗരന്‍ പരാതിയില്‍ പറയുന്നത്.

കിട്ടാനുള്ള തുകയുടെ നിശ്ചിത ശതമാനം പരാതിക്കാരന്‍ കോടതിയില്‍ കെട്ടിവയ്ക്കണമെന്നതും വ്യവസ്ഥയാണ്. കേസിന്റെ രണ്ടാം ഘട്ടത്തിലേക്കു നീങ്ങി തുടര്‍നടപടികളെടുക്കും മുന്‍പു പണം തിരികെ ലഭിക്കാനുള്ള അവസാന നടപടിയെന്നോണം സിപിഎം ഇടപെടല്‍ തേടി ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയിലെത്താന്‍ കാരണം ഇത്തരം സങ്കീര്‍ണതകളാകാം. ഈ സാഹചര്യം മുതലെടുത്താണു കേസ് ഇല്ലെന്ന തികച്ചും സാങ്കേതികമായ വാദം പാര്‍ട്ടി ഉന്നയിക്കുന്നത്.

മര്‍സൂഖി ഇന്ത്യയില്‍ നിലവില്‍ നടത്തുന്ന ശ്രമങ്ങള്‍ ഉപേക്ഷിച്ചു യുഎഇയില്‍ തിരിച്ചെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാങ്കേതികവാദങ്ങളെല്ലാം പൊളിയും. ഇതു പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കും. അതിനാല്‍ അത്തരമൊരു സാഹചര്യത്തിലേക്കു കാര്യങ്ങള്‍ എത്തിക്കാതെ ഒത്തുതീര്‍പ്പിനുള്ള ശ്രമമാവും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുക.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ദുബായ് പൊലീസിന്റെ വെബ്‌സൈറ്റ്, ആപ് എന്നിവയിലൂടെ എവിടെയിരുന്നും അപേക്ഷിക്കാം. എമിറേറ്റ്‌സ് ഐഡി നമ്പര്‍ നല്‍കി ഫീസ് അടച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും. വിദേശി അപേക്ഷകര്‍ യുഎഇയില്‍ വച്ചാണ് അപേക്ഷിക്കുന്നതെങ്കില്‍ 200 ദിര്‍ഹവും രാജ്യത്തിനു പുറത്താണെങ്കില്‍ 300 ദിര്‍ഹവുമാണു നിരക്ക്. ഇതര ഫീസ് ഇനത്തില്‍ 10 ദിര്‍ഹം കൂടി നല്‍കണം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഈ മാസം 25ന് അപേക്ഷിച്ചു നേടിയതാണു സര്‍ട്ടിഫിക്കറ്റ്.

chandrika: