കൊടൈക്കനാൽ ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയതിനെ തുടർന്ന് മൂന്ന് യുവാക്കൾ അറസ്റ്റിൽ. എസ് വിജയ്, പി ഭരത്, പി രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. റാണിപേട്ട് സ്വദേശികളായ ഇവർക്ക് 24 വയസാണ് പ്രായം. ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിന്റെ വിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതായി വനംവകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് റേഞ്ച് (കൊടൈക്കനാൽ ഡിവിഷൻ) ഓഫീസർ ആർ സെന്തിലിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തു.
ഇത് ഓഫ് സീസൺ ആണെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി മാസം മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ കൊടൈക്കനാലിലും ഗുണ കേവിലുമെത്തി. ഇത് പരോക്ഷമായി ജില്ലാ ഭരണകൂടത്തിൻ്റെയും വനം വകുപ്പിൻ്റെയും നാട്ടുകാരുടെയും വരുമാനം വർധിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മഞ്ഞുമ്മൽ ബോയ്സിന് തമിഴ്‌നാട്ടിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇതിനകം 41 കോടിയിലധികം രൂപ സംസ്ഥാനത്ത് നിന്ന് നേടി കഴിഞ്ഞു. കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തമിഴിൽ തുണയ്ക്കുന്നുണ്ട്.
അന്താരാഷ്ട്ര മേന്മയുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ഒപ്പം സൗഹൃദത്തിന്റെ ആഴവും സിനിമ സംസാരിക്കുന്നു. ‘ഗുണ’ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് സിനിമ കണ്ട ശേഷം സംവിധായകൻ സന്താനഭാരതി പറഞ്ഞത്. ചിത്രത്തിൽ കമൽഹാസനും ഗുണ സിനിമയിലെ ഗാനം ‘കണ്മണി അൻപോടി’നും നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.