X

പരിണാമം സംഭവിക്കുന്ന ഇടതുപക്ഷം-ഷുക്കൂര്‍ ഉഗ്രപുരം

CPIM FLAG

സജി ചെറിയാനെന്ന സാംസ്‌കാരിക മന്ത്രിയുടെ ഗുരുതരമായ ഭരണഘടന അവഹേളനം ജനാധിപത്യ സമൂഹത്തില്‍ സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ല. ഇന്ത്യ മഹാരാജ്യത്ത് നിലവില്‍ ഭരണഘടനയെ ഭയപ്പെടുകയും അവഹേളിക്കുകയും ചെയ്യുന്നത് വംശീയവാദികളും വര്‍ഗീയവാദികളും വിഘടനവാദികളും ഉള്‍പ്പെടുന്ന അപകടകാരികളായവരാണ്. അത്തരക്കാര്‍ക്ക് പാലും പലഹാരവും നല്‍കുന്ന ഏര്‍പാടാണ് സജി ചെറിയാന്‍ ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയെ എതിര്‍ക്കുന്നവരില്‍ പ്രധാനപ്പെട്ട രണ്ട് വിഭാഗക്കാര്‍ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമാണെന്ന് ഒരു പാട് മുമ്പ് തന്നെ ഡോ. ബി.ആര്‍ അംബേദ്കര്‍ എഴുതിവെച്ചിട്ടുണ്ട്. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിച്ചതാണ്. മന്ത്രി സ്ഥാനം രാജി വെച്ചത്‌കൊണ്ട്മാത്രം പരിഹരിക്കാവുന്ന ഒന്നല്ല അദ്ദേഹം നടത്തിയ ഭരണഘടന നിന്ദ. സംഘ്പരിവാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരാണ് തങ്ങളെന്ന വാഴ്ത്തുപാട്ട് ആലപിച്ച് ജനാധിപത്യ വിശ്വാസികളുടെ വോട്ടുകള്‍ പെട്ടിയിലാക്കുകയും അതേസമയം പ്രവര്‍ത്തനങ്ങളെകൊണ്ട് മറ്റൊരു സംഘ്പരിവാര്‍ ആവുകയോ അവര്‍ക്ക് വേണ്ട അജണ്ടകള്‍ നടപ്പിലാക്കി കൊടുക്കുകയോ ചെയ്യുന്നവരായി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിക്കുന്ന വിഭാഗമാണ് സംഘ്പരിവാര്‍. അവരെ സുഖിപ്പിക്കാന്‍ വേണ്ടിയാണോ സജിചെറിയാന്റെ ശ്രമം എന്ന്കൂടി പരിശോധിക്കപ്പെടണം.

ഈ അടുത്ത കാലത്ത് കേരളം സന്ദര്‍ശിച്ച ഗുജറാത്ത് എം.എല്‍.എയും യുവ ദലിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനി നിലവിലെ കേരള മുഖ്യമന്ത്രിയേയും ഇടത്പക്ഷ പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് സന്ദര്‍ശിച്ച് വികസന മാതൃക തയ്യാറാക്കാന്‍ വേണ്ടി കേരള ടീമിനെ അയച്ചതിനേയും ജിഗ്‌നേഷ് മേവാനി കണക്കിന് പരിഹസിച്ചു. പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും തമ്മില്‍ രഹസ്യ പാക്കേജ് നിലനില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഫാഷിസത്തെ നേരിടുന്നതില്‍ ഇരട്ട മുഖമാണ് കേരള മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

എന്നാല്‍ അതിലേറെ ഗുരുതരമായ ആരോപണങ്ങളാണ് പ്രമുഖ അക്കാദമീഷ്യനും ചരിത്രകാരനും രൂക്ഷ സംഘ്പരിവാര്‍ വിമര്‍ശകനുമായ രാമചന്ദ്രഗുഹ പിണറായി വിജയനെതിരെ ഉന്നയിച്ചിരിക്കുന്നത്. മോദിയെ പോലെ പിണറായിയും സ്വേച്ഛാധിപതിയാണ് എന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. ‘ഒരു പ്രധാന മോദി, ഏഴ് സംസ്ഥാന മോദിമാര്‍’ എന്ന പേരിലാണ് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ഭൂതവും വര്‍ത്തമാനവും’ എന്ന കോളത്തില്‍ എഴുതിയിരിക്കുന്നത്.

മലബാറിലെ കുട്ടികള്‍ക്ക് പ്ലസ്ടുവിന് പഠിക്കാന്‍ ആവശ്യമായ സീറ്റില്ല എന്ന പരാതി വര്‍ഷങ്ങളായി വ്യാപകമാണ് ഇവിടങ്ങളില്‍. ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ സീറ്റുകളുടെ സ്ഥിതി വിവര കണക്കുകള്‍ മണ്ഡല അടിസ്ഥാനത്തില്‍ പുറത്ത്‌വിട്ട് വസ്തുതകളെ ജനങ്ങള്‍ക്ക് മുമ്പിലെത്തിച്ചപ്പോള്‍ ആ സംഘടനക്കെതിരെ കേസെടുത്ത് ഭാരവാഹികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌വരുത്തി ചോദ്യംചെയ്യുന്നത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലല്ല മറിച്ച് പ്രബുദ്ധ നവോത്ഥാന കേരളത്തിലാണ്. അതും കേസ് ഫയല്‍ ചെയ്യാന്‍ പരാതി കൊടുത്തതാകട്ടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പി.ടി ജോയ്. കേരളത്തിലെ എന്‍.ആര്‍.സി പ്രതിഷേധ കാലത്ത് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ കേരള പൊലീസ് എടുത്തിരുന്ന കേസ് റദ്ദാക്കുമെന്ന് പല അവസരത്തിലും പിണറായി വിജയന്‍തന്നെ നേരിട്ട് പറഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത്‌വന്ന വാര്‍ത്ത വസ്തുതകള്‍ സര്‍ക്കാറിന്റെ കാപട്യത്തെ തുറന്ന്കാണിക്കുന്നവയാണ്. കാല്‍ നൂറ്റാണ്ടിനിടയില്‍ ഇത്ര കൂടുതല്‍ മുസ്‌ലിം സമുദായത്തെ വഞ്ചിച്ച ഭരണകൂടം കേരളത്തിലുണ്ടായിട്ടില്ല. ഹത്രാസിലേക്ക് പുറപ്പെട്ട രാഹുല്‍ഗാന്ധിയെ തടഞ്ഞ്‌നിര്‍ത്തി അതിക്രമം കാണിച്ചത് ഉത്തര്‍പ്രദേശ് പൊലീസാണ്. എന്നാല്‍ ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തിനായി രാഹുലിന്റെ നേതൃത്വത്തില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സഖ്യത്തിലെ കക്ഷികളില്‍ ഒന്നായ സി.പി.എമ്മിന്റെ തന്നെ വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് തല്ലിത്തകര്‍ക്കുന്നത്. സാക്ഷാല്‍ ആര്‍.എസ്.എസ് പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് എസ്.എഫ്.ഐ അവര്‍ക്ക് വേണ്ടി ചെയ്ത് കൊടുത്തത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ കേരള മന്ത്രി സഭയില്‍ ഒരു മന്ത്രിയുണ്ടോ എന്നത് തന്നെ പലര്‍ക്കും സംശയമാണ്. ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും മാത്രമല്ല സി.പി.എമ്മുകാര്‍ക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയിലായി മാറിയിട്ടുണ്ട് കാര്യങ്ങള്‍. വളരെ ഗൗരവതരമായി കേരളത്തിലെ പാര്‍ട്ടി ബുദ്ധിജീവികള്‍ ഇടപെട്ട് പാര്‍ട്ടിക്കകത്ത് തിരുത്തലുകള്‍ നടപ്പില്‍ വരുത്തിയിട്ടില്ലെങ്കില്‍ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി പരിണമിച്ച് ഇടതുപക്ഷമെന്ന ആശയം തന്നെ കാല യവനികക്കുള്ളിലേക്ക് മറഞ്ഞുപോകും.

Chandrika Web: