X

രക്തസാക്ഷികളുടെ പേരുകള്‍ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്യ്ത സംഭവം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് മുസ്‌ലിംലീഗ് എംപിമാര്‍ ലോക്‌സഭയില്‍

മലബാര്‍ കലാപത്തില്‍ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ എം പി അബ്ദുസ്സമദ് സമദാനി എന്നിവര്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

മലബാര്‍ കലാപത്തില്‍ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകള്‍ ഐ സി എച്ച് ആര്‍ തീരുമാന പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്തതായും, ഈ ശുപാര്‍ശ സാംസ്‌കാരിക മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആന്ധ്രാപ്രദേശ്, കര്‍ണാടക , തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും അതിനനുസരിച്ച് നിഘണ്ടുവിന്റെ അഞ്ചാം ഭാഗം പരിഷ്‌കരിക്കുമെന്നും അറിയുന്നു.ഇത് അങ്ങേയറ്റം അപലപനീയവും ആക്ഷേപാര്‍ഹവും സത്യസന്ധമായ ചരിത്രത്തെ അപകടപ്പെടുത്തുന്നതിന് തുല്യവുമാണെന്നും ലീഗ് എം.പി മാര്‍ നല്‍കിയ അടിയന്തിര പ്രമേയത്തില്‍ പറഞ്ഞു.

Test User: