തിരുവനന്തപുരം: വിവിധ സമുദായങ്ങളുടെ യഥാർഥ ജനസംഖ്യാ പ്രാതിനിധ്യം ബോധപൂർവം മറച്ചുവെച്ച് വർഷങ്ങളായി ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരികൾ സമ്പൂർണ ജാതി സെൻസസ്സിലൂടെ തെറ്റു തിരുത്തണമെന്ന് ശ്രീനാരായണ മാനവധർമം കൂട്ടായ്മ ആവശ്യപ്പെട്ടു. ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് സാമൂഹ്യനീതിക്കു വഴി തെളിക്കുന്നത് ഭരണ സമുദായങ്ങളുടെ കൃത്യമായ ജനസംഖ്യ കണക്കുകളാണ് എന്നാണ്. അതുകൊണ്ട് ഭരണവർഗങ്ങൾ അവരെക്കുറിച്ചുള്ള സെൻസസ് ഭയക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ ഇപ്പോഴും ആധിപത്യം നിലനിർത്തുന്ന പഴയ ജന്മി സമുദായങ്ങളുടെ (നായർ, സിറിയൻ) ജനസംഖ്യ എന്താണെന്നും അവരുടെ പ്രാതിനിധ്യം ആനുപാതികമാണോ എന്നും ജനങ്ങൾക്ക് ഉടനടി, കൃത്യമായി അറിയണം. ഇതു മറച്ചു വെക്കാൻ മാത്രമാണ് ഈ സമുദായങ്ങൾ നിയന്ത്രിക്കുന്ന കേരള രാഷ്ട്രീയ പാർട്ടികളും സമുദായ- മാധ്യമ സ്ഥാപനങ്ങളും ജാതി സെൻസസിനെ എതിർക്കുന്നതെന്നു ശ്രീനാരായണ മാനവധർമം കൂട്ടായ്മ ആരോപിച്ചു.
നൂറു ശതമാനവും തലയെണ്ണൽ രീതിയിലൂടെ ഈ ഭരണ സമുദായങ്ങളുടെ ജനസംഖ്യ കേരളത്തിലെ ജനങ്ങളെ ഉടനടി അറിയിച്ചില്ലെങ്കിൽ സർക്കാർ ഇന്നു് ഈ ഒലിഗാർക്കിയുടെ നിയന്ത്രണത്തിലാണെന്നു ജനങ്ങൾ മനസിലാക്കുമെന്നും അതിനെതിരായി അവർ വോട്ടിലൂടെ പ്രതികരിക്കുമെന്നും ശ്രീനാരായണ മാനവധർമം കൂട്ടായ്മക്കു വേണ്ടി പ്രൊഫ.(ഡോ.) ജി മോഹൻ ഗോപാൽ, വി.ആർ ജോഷി, സുദേഷ് എം രഘു എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.