സദാ പുഞ്ചിരി തൂകുന്ന മുഖം. രാഷ്ട്രീയത്തിലെ മാന്യതയുടെ പര്യായം. സൗമ്യമായ ഭാവത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത നേതാവ്. സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ ഓര്‍മകളുമായി വീണ്ടുമൊരു ആഗസ്ത് ഒന്ന് കടന്നുവന്നിരിക്കുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറയുന്നതിന്റെ ഒരു വര്‍ഷം മുമ്പ് 2008 ആഗസ്ത് ഒന്നിനാണ് സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ കണ്‍മറഞ്ഞത്. ഹൃദ്യമായ പെരുമാറ്റവും സാധാരണക്കാരുടെ പ്രശ്‌നങ്ങളറിഞ്ഞ് കൂടെ നില്‍ക്കുന്ന നേതൃശേഷിയും കാരണം ജനമനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ലളിത സാധാരണമായ ജീവിതമാണ് നയിച്ചത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് ശേഷം മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ നീളക്കുപ്പായവും തലപ്പാവും ഓവര്‍ക്കോട്ടും ധരിച്ച് തലയെടുപ്പോടെ നിന്ന നേതാവായിരുന്നു അദ്ദേഹം. 1921 ഡിസംബറിലാണ് സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ജനിച്ചത്. യെമനിലെ ഹളര്‍മൗത്തിനടുത്ത തരീമില്‍നിന്ന് കേരളത്തിലേക്ക് കുടിയേറിയ ബാഫഖി കുടുംബത്തിലെ അംഗമായി കേരളീയ മത, സാമൂഹിക, രാഷ്ട്രീയ പരിസരത്ത് പ്രശോഭിച്ച നേതാവായിരുന്നു അദ്ദേഹം. സയ്യിദ് ഹാഷിം ബാഫഖി തങ്ങളായിരുന്നു പിതാവ്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ സഹോദരി ശരീഫ റൗദയായിരുന്നു മാതാവ്. കൊയിലാണ്ടി മഠത്തില്‍ സ്‌കൂളിലും കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളിലും മക്കയിലെ മതവിദ്യാലയത്തിലും പഠനം പൂര്‍ത്തിയാക്കിയ തങ്ങള്‍ കോഴിക്കോട് താലൂക്ക് മുസ്‌ലിംലീഗ് പ്രസിഡന്റായാണ് മുസ്‌ലിംലീഗിന്റെ നേതൃരംഗത്ത് സജീവമാകുന്നത്. പിന്നീട് മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തക സമിതി അംഗമായി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1967ല്‍ കൊണ്ടോട്ടിയില്‍ നിന്നും 1971ല്‍ താനൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ മൂന്ന് തവണ കേരള വഖഫ് ബോര്‍ഡിന്റെ ചെയര്‍മാനായി. കേരളത്തില്‍ ആദ്യമായി ഇമാം, മുഅദ്ദിന്‍ പെന്‍ഷന്‍ അനുവദിച്ചത് സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ചെയര്‍മാനായ സമയത്താണ്. ചന്ദ്രിക ഡയരക്ടറായും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററായും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ആരാധനയുടെ ഭാഗമായി കണ്ട തങ്ങള്‍ പുതിയ തലമുറയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും എന്നും മുന്നില്‍നിന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കരളുറപ്പോടെ നിലപാടുകള്‍ സ്വീകരിച്ച തങ്ങള്‍ പാര്‍ട്ടിക്കെതിരെ വരുന്ന ആരോപണങ്ങളെയെല്ലാം ശക്തമായി നേരിട്ടു. കൃത്യനിഷ്ഠയും സത്യസന്ധതയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പ്രത്യേകതകളായിരുന്നു. ഏത് യോഗത്തിലും കൃത്യസമയത്ത് തന്നെ അദ്ദേഹം എത്തിച്ചേരും. പാര്‍ട്ടി കാര്യങ്ങള്‍ സത്യസന്ധമായി കൈകാര്യം ചെയ്യാനും ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ നീട്ടിവെക്കാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. രാഷ്ട്രീയത്തിലും മതകാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാവരും സ്വീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.
തലശ്ശേരിയില്‍ വര്‍ഗീയ കലാപമുണ്ടായ കാലത്ത് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ ധീരമായ ഇടപെടലുകള്‍ കലാപം തണുപ്പിക്കുന്നതിന് കാരണമായി. ആക്രമിക്കപ്പെട്ടവരുടെ വീടുകളിലേക്ക് അദ്ദേഹം കയറിച്ചെല്ലുകയും സാന്ത്വനം നല്‍കുകയും ചെയ്തു. ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍. എന്തെന്ത് പ്രശ്‌നങ്ങള്‍ വന്നാലും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഉരുക്കു മനുഷ്യന്‍ എന്ന് ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ കാരണം ഈ സ്വഭാവ വിശേഷമാണ്. നിലപാടുകളില്‍ ഉറച്ച് നിന്നാണ് അദ്ദേഹം പ്രതിസന്ധികളെ തരണം ചെയ്തത്. അതുവഴി ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാനും തങ്ങള്‍ക്ക് സാധിച്ചു. ആ മഹത്തായ പാന്ഥാവിലൂടെ മുന്നോട്ടു നടക്കാന്‍ നമുക്ക് സാധിക്കട്ടെ. സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ കൂടെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.