ലണ്ടന്‍: കാല്‍പ്പന്ത് ലോകത്തെ വിസ്മയ ചാമ്പ്യന്‍ഷിപ്പായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം. ഇന്ത്യന്‍ സമയം രാത്രി 12-30ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അട്ടിമറിക്കാരായ ബേണ്‍ലിയുമായി കളിക്കുന്നതോടെയാണ് ആവേശകരമാവുന്ന സീസണിന് തുടക്കമാവുന്നത്. ഇന്ന് ഒരു മല്‍സരം മാത്രമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ മല്‍സരങ്ങളുണ്ട്. അവസാനിച്ച സീസണില്‍ ഗംഭീര പ്രകടനങ്ങളുമായി മൂന്ന് വലിയ കിരീടങ്ങള്‍ സ്വന്തമാക്കിയവരാണ് സിറ്റി. പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് എന്നീ ഇംഗ്ലീഷ് കിരീടങ്ങളെ കൂടാതെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലും കിരീടം.
അതിനാല്‍ തന്നെ പെപ് ഗുര്‍ഡിയോള ഒരുക്കുന്ന ടീമിന് സമ്മര്‍ദ്ദമേറെ. മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമില്‍ നിന്ന് ഈ സീസണിലേക്ക് വരുമ്പോള്‍ ഇഗോര്‍ ഗുന്‍ഡഗോന്‍, റിയാദ് മെഹ്റസ് എന്നി വലിയ താരങ്ങള്‍ പെപ്പിനൊപ്പമില്ല. എങ്കിലും ഗോള്‍ വേട്ടക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡ്, മധ്യനിരയിലെ കുന്തമുന കെവിന്‍ ഡി ബ്രുയന്‍, പിന്‍നിരയില്‍ റൂബന്‍ ഡയസ്, ഗോള്‍ കാവല്‍ക്കാരന്‍ എഡേഴ്സണ്‍ തുടങ്ങിയവരുടെ അനുഭവക്കരുത്താണ് കോച്ചിന്റെ വലിയ പ്രതീക്ഷ. പുതിയ സീസണ്‍ മുന്‍നിര്‍ത്തി കാര്യമായ മുന്‍കരുതലുകള്‍ അദ്ദേഹം സ്വീകരിച്ചിട്ടില്ല. ടീമിന്റെ ശക്തി മധ്യനിരയിലെ സീനിയേഴ്സാണ്. കെവിനെ കൂടാതെ ബെര്‍നാര്‍ഡോ സില്‍വ, റോഡ്രി, ജാക് ഗ്രിലിഷ്, ഫില്‍ ഫോദാന്‍ എന്നിവര്‍ക്കൊപ്പം ക്രോട്ടുകാരനായ മതിയോ കോവാസിച്ചും ഈ സീസണിലെത്തുന്നു. കൈല്‍ വാല്‍ക്കറും ഐമറിക് ലപോര്‍ട്ടെയും മാനുവല്‍ അകാന്‍ജിയും ജാവോ സാന്‍സിലോയുമെല്ലാമുള്ള പ്രതിരോധക്കാരെ മറികടക്കാനും പ്രതിയോഗികള്‍ പ്രയാസപ്പെടും.
ഇത്തവണ യുനൈറ്റഡും ആഴ്സനലും ചെല്‍സിയുമെല്ലാം കരുത്തരായി കളിക്കുമെന്നിരിക്കെ പെപ് ആഗ്രഹിക്കുന്നത് മികച്ച തുടക്കമാണ്. സീസണിലെ ആദ്യ മല്‍സരമായ കമ്മ്യുണിറ്റി ഷീല്‍ഡില്‍ ആഴ്സനലിനോട് ഷൂട്ടൗട്ടില്‍ തോറ്റതെല്ലാം കളിക്കാര്‍ മറന്നിരിക്കുന്നു. ഗോള്‍ വേട്ടയോടെ ബേണ്‍ലിക്കെതിരെ സിറ്റി അരങ്ങേറുമോ-കാത്തിരിക്കുക.